പുരാവസ്തു തട്ടിപ്പ് കേസില്‍ കെ പി സി സി അദ്ധ്യക്ഷന്‍ കെ സുധാകരന് യാതൊരു ബന്ധവുമില്ലെന്ന് മോന്സണ് മാവുങ്കല്‍. ശരിയായി അന്വേഷിച്ചാല്‍ ഡി ഐ ജി വരെ അഴിക്കുള്ളിലാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ പി എസിന് വരെ നേരിട്ട് ബന്ധമുള്ള കേസാണിതെന്നും മോന്സണ് പറഞ്ഞു.
എല്ലാ വിവരങ്ങളും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കൈമാറിയിട്ടുണ്ടെന്ന് മോന്സണ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിനിടെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇയാള്‍. താന്‍ നിരപരാധിയാണെന്ന് നേരത്തെ സുധാകരന് പ്രതികരിച്ചിരുന്നു.
ചികിത്സയ്ക്ക് വേണ്ടിയാണ് മോന്സണ് മാവുങ്കലിന്റെ അടുത്തുപോയതെന്നും താന്‍ മാത്രമല്ല പല പ്രമുഖരും ഇയാളുടെ അടുത്ത് പോയിരുന്നുവെന്നും സുധാകരന് വ്യക്തമാക്കി. നാളെ ക്രൈം ബ്രാഞ്ചിന് മുന്നില്‍ ഹാജരാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തങ്ങളില്‍ നിന്ന് മോന്സണ് പത്ത് കോടിയോളം രൂപ പല ഘട്ടങ്ങളിലായി തട്ടിയെടുത്തെന്ന് കോഴിക്കോട് മാവൂര്‍ ചെറുവാടി യാക്കൂബ് പുരയില്‍, അനൂപ് വി.അഹമ്മദ്, എം.ടി.ഷമീര്‍, സിദ്ധിഖ് പുരയില്‍, ഇ.എ.സലിം, ഷാനിമോന്‍ എന്നിവര്‍ നല്കിയ പരാതിയിലാണ് 2021 സെപ്തംബറില്‍ ക്രൈംബ്രാഞ്ച് കേസെടുത്തത്. സുധാകരന്റെ സാന്നിദ്ധ്യത്തില്‍ താന്‍ 25 ലക്ഷം രൂപ മോന്സണ് നല്‍കിയെന്ന് അനൂപിന്റെ മൊഴിയുണ്ട്. ഈ തുകയില്‍ പത്ത് ലക്ഷം രൂപ സുധാകരന് കൈമാറുന്നത് കണ്ടെന്നാണ് മോന്‍സണിന്റെ മുന്‍ ഡ്രൈവര്‍ അജിത്തും ജീവനക്കാരായ ജെയ്സണും ജോഷിയും മൊഴി നല്‍കിയത്.