ആലപ്പുഴ :സമരാഗ്നി ജാഥയോടനുബന്ധിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കെപിസിസി പ്രസിഡന്റ് കെ. സുധാകരന് പരസ്യമായി നീരസം പ്രകടിപ്പിക്കുകയും അസഭ്യപദ പ്രയോഗം നടത്തുകയും ചെയ്തതില്‍ പ്രതിപക്ഷനേതാവ് വി.ഡി. സതീശന് കടുത്ത അതൃപ്തി. നേതാക്കള്‍ തമ്മിലുള്ള തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് ഹൈക്കമാന്‍ഡ് ഇടപെട്ടു. തിരഞ്ഞെടുപ്പിനെയും സമരാഗ്നി ജാഥയെയും ഇക്കാര്യങ്ങള്‍ ബാധിക്കരുതെന്ന് നേതാക്കള്‍ക്കു ഹൈക്കമാന്‍ഡ് കര്‍ശന നിര്‍ദേശം നല്കി. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ കെപിസിസി പ്രസിഡന്റ് കെ. സുധാകരനെയും പ്രതിപക്ഷനതോവ് വി.ഡി. സതീശനെയും ഫോണില്‍ വിളിച്ചു സംസാരിച്ചു.
കെപിസിസി നടത്തുന്ന സമരാഗ്നി പരിപാടിയുടെ ഭാഗമായുള്ള പത്രസമ്മേളനത്തിനിടെയിലാണ് സംഭവം നടന്നത്. സതീശന് എത്താന്‍ വൈകിയതോടെ സുധാകരന് അടുത്തിരുന്ന ഡിസിസി പ്രസിഡന്റ് ബി.ബാബുപ്രസാദിനോട് അനിഷ്ടം അറിയിച്ച കൂട്ടത്തില്‍ അസഭ്യപദ പ്രയോഗം നടത്തിയതാണ് വിവാദമായത്. സതീശന് മറ്റൊരു പരിപാടിയില്‍ പങ്കെടുക്കുകയാണെന്നും ഉടന്‍ എത്തുമെന്നും നേതാക്കള്‍ വിശദീകരിക്കുകയും ചെയ്തു.
സുധാകരന്റെ വാക്കുകള്‍ മേശപ്പുറത്തുണ്ടായിരുന്ന മൈക്കുകളിലൂടെ ചാനല്‍ ക്യാമറകളില്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ടിരുന്നു. 10 മണിക്കു നിശ്ചയിച്ച പത്രസമ്മേളനത്തിനു സുധാകരനും വൈകിയാണ് എത്തിയത്. എത്തിയപ്പോള്‍ തന്നെ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു ഖേദം അറിയിച്ചു. തുടര്‍ന്നു സതീശനെ കാത്തിരുന്നപ്പോഴാണ് അദ്ദേഹം അസ്വസ്ഥനായത്. ഇയാളെവിടെ പോയി കിടക്കുകയാണെന്ന് ഒരു അസഭ്യ വാക്കും ചേര്‍ത്ത് സുധാകരന് ചോദിക്കുകയായിരുന്നു