സ്വന്തം സിനിമയ്ക്ക് വേണ്ടിയും സഹപ്രവര്‍ത്തകര്‍ക്ക് വേണ്ടിയും സുരേഷ് ഗോപി സംസാരിക്കണം; കെ.സി വേണുഗോപാൽ

നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി തന്റെ സര്‍ക്കാരിന്റെ നടപടികളിൽ മൗനം തുടരുകയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി ആരോപിച്ചു. ‘ജാനകി’ സിനിമയ്ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ച സെന്‍സര്‍ ബോര്‍ഡ് നടപടിക്കെതിരെ സുരേഷ് ഗോപി തുടരുന്ന മൗനത്തിലാണ് കെ.സി വേണുഗോപാലിന്റെ വിമർശനം വന്നിരിക്കുന്നത്. തന്റെ ചോറാണ് സിനിമയെന്ന് നിരവധി വട്ടം നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി പറയുന്നത് കേട്ടിട്ടുണ്ട്. ആ ചോറിന് മുകളില്‍ താന്‍ കൂടി ഭാഗമായൊരു സംവിധാനം മണ്ണ് വാരിയിടുന്നത് കണ്ടിട്ടും അദ്ദേഹം നിശബ്ദനാണ്. മൗനം വെടിഞ്ഞ് സ്വന്തം സിനിമയ്ക്ക് വേണ്ടിയും സഹപ്രവര്‍ത്തകര്‍ക്കു വേണ്ടിയും മന്ത്രി ശബ്ദിക്കണമെന്നും വേണുഗോപാൽ ഫെയ്സ്ബുക്കിൽ കുറിച്ചു.
‘സിനിമയിലും സാഹിത്യത്തിലും തലക്കെട്ടും പേരും നിശ്ചയിക്കാന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന സ്വാതന്ത്ര്യം അവയുടെ സൃഷ്ടക്കാള്‍ക്കുണ്ട്. അത് നിഷേധിക്കുന്നത് ഭരണഘടനയോടുള്ള അവഹേളനവും വെല്ലുവിളിയുമാണ്. രാമനും കൃഷ്ണനും സീതയും രാധയുമൊക്കെ ശീര്‍ഷകങ്ങളായും കഥാപാത്രങ്ങളുടെ പേരുകളായും പതിറ്റാണ്ടുകളോളമായി ഇന്ത്യന്‍ സിനിമയില്‍ ഉപയോഗിക്കുന്നുണ്ട്. രാജ്യത്തെ ബഹുഭൂരിപക്ഷം വ്യക്തിനാമങ്ങളും ഹിന്ദു പുരാണങ്ങളില്‍ നിന്നുള്ളവയാണ്. ഇത്തരം പേരുകളടങ്ങിയ നിരവധി സിനിമകളും ഇറങ്ങിയിട്ടുമുണ്ട്. അന്നൊക്കെ സെന്‍സര്‍ ബോര്‍ഡിന്റെ അന്തസ്സ് കളയുന്ന നടപടിയെടുക്കാന്‍ അക്കാലത്തെ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ അനുവദിച്ചിട്ടില്ല.’’ – കെ.സി വേണുഗോപാല്‍ പറഞ്ഞു.