ഇരിങ്ങാലക്കുട: വരുമാനത്തിലും യാത്രക്കാരുടെ എണ്ണത്തിലും ജില്ലയിൽ രണ്ടാം സ്ഥാനത്തുള്ള ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനോടുള്ള നിരന്തര അവഗണനയിൽ പ്രതിഷേധിച്ച് യാത്രക്കാർ പ്രക്ഷോഭത്തിലേക്ക്. അമൃത് പദ്ധതിയും കൊവിഡ് കാലത്ത് നിറുത്തലാക്കിയ അഞ്ച് ട്രെയിനുകളുടെ പുനഃസ്ഥാപിക്കലും സംബന്ധിച്ച് അധികൃതർ നൽകിയ ഉറപ്പുകൾ എങ്ങുമെത്താത്ത സാഹചര്യത്തിലാണ് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സമര പരിപാടികളിലേക്ക് നീങ്ങുന്നത്.
2023 മാർച്ച് 23 നാണ് റെയിൽവേ സ്റ്റേഷൻ സന്ദർശിച്ച റെയിൽവേ പാസഞ്ചേഴ്സ് അമിനിറ്റീസ് കമ്മിറ്റി ചെയർമാൻ പി.കെ.കൃഷ്ണദാസ് ഇരിങ്ങാലക്കുട സ്റ്റേഷനെ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി 10 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചത്. രണ്ടാം നമ്പർ പ്ലാറ്റ്‌ഫോമിൽ കോഫീ ഷോപ്പിനായി ഉടൻ ടെണ്ടർ വിളിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. വിഷയത്തിൽ സജീവമായി ഇടപെടുമെന്ന് സുരേഷ് ഗോപി എം.പിയും വ്യക്തമാക്കിയിരുന്നു.2024 ഡിസംബർ വരെയുളള സമയം അധികൃതർ ആവശ്യപ്പെട്ടിരുന്നതായും അസോസിയേഷൻ പറയുന്നു. കേന്ദ്രബഡ്ജറ്റിലും അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി വികസിപ്പിക്കുന്ന 35 സ്റ്റേഷനുകളുടെ പട്ടികയിൽ ഇരിങ്ങാലക്കുട സ്ഥാനം പിടിച്ചില്ല. അതേസമയം ചാലക്കുടി ലോക്സഭ മണ്ഡലത്തിൽ നിന്നും മൂന്ന് സ്റ്റേഷനുകൾ പട്ടികയിൽ ഇടം പിടിച്ചിട്ടുമുണ്ട്.
സമരപ്രഖ്യാപന കൺവെൻഷൻ ഉടൻ റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സമര പരിപാടികൾ ആസൂത്രണം ചെയ്യുന്നത്.വിപുലമായ സമരപ്രഖ്യാപന കൺവെൻഷൻ ഉടൻ വിളിച്ച് ചേർക്കാനും നിരന്തരമായ സമരപരിപാടികളിലേക്ക് നീങ്ങാനുമാണ് തീരുമാനം. അസോസിയേഷൻ പ്രസിഡന്റ് ഷാജു ജോസഫ് അദ്ധ്യക്ഷനായി. പ്രസിഡന്റ് കെ.ആർ.ജോജോയെ രക്ഷാധികാരിയും ഐ.എൻ.ബാബു, ബാബു തോമസ്, പി.സി.സുഭാഷ്, ടി.സി.അർജുനൻ എന്നിവരെ ഭാരവാഹികളായും തെരഞ്ഞെടുത്തു.