മേലാറ്റൂർ: പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് സ്റ്റേഷനിൽ കുഴഞ്ഞുവീണ് മരിച്ചസംഭവത്തിൽ രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ. പന്തല്ലൂർ കടമ്പോട് തെക്കേക്കര ആലുങ്കൽ മൊയ്തീൻകുട്ടി(36) കുഴഞ്ഞുവീണ് മരിച്ച സംഭവത്തിലാണ് പാണ്ടിക്കാട് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ ആന്റസ് വിൻസൻ, ടി.പി ഷംസീർ എന്നിവരെ സസ്പെൻഡ് ചെയ്തത്. യുവാവിന്റെ മരണം ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അന്വേഷിക്കും.
പന്തല്ലൂർ വേല ഉത്സവത്തിനിടയിൽ തിങ്കളാഴ്ച വൈകിട്ട് അഞ്ചോടെ സംഘർഷമുണ്ടായിരുന്നു. തുടർന്ന് മൊയ്തീൻകുട്ടിയടക്കം ഏഴുപേരെ പൊലീസ് പിടികൂടി സ്റ്റേഷനിലെത്തിച്ചിരുന്നു. സ്റ്റേഷനിൽവച്ച് ഇയാൾ കുഴഞ്ഞുവീണു. തുടർന്ന് പെരിന്തൽമണ്ണയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ചൊവ്വാഴ്ച രാവിലെ ഏഴോടെ മരിച്ചു. പൊലീസ് മർദ്ദനത്തെ തുടർന്നാണ് യുവാവിന്റെ മരണമെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. എന്നാൽ ഹൃദയാഘാതമുണ്ടായാണ് യുവാവ് മരിച്ചതെന്നാണ ്പൊലീസ് വ്യക്തമാക്കിയത്.
ആശുപത്രിയിലെത്തിച്ചപ്പോൾ ഹൃദ്രോഗ ലക്ഷണം ഉണ്ടായിരുന്നെന്നും ആൻജിയോഗ്രാമിൽ മൊയ്തീൻകുട്ടിയ്ക്ക് ഗുരുതരമായ ബ്ളോക്കുകൾ കണ്ടെത്തിയിരുന്നെന്നും മൗലന ആശുപത്രിയിലെ കാർഡിയോളജിസ്റ്റ് ഡോ.മാത്യു പോൾ വ്യക്തമാക്കി. പെരിന്തൽമണ്ണ സബ് കളക്ടർ അപൂർവ ത്രിപാഠിയുടെ നേതൃത്വത്തിൽ പെരിന്തൽമണ്ണ ജുഡീഷ്യൽ ഫസ്റ്റ്ക്ളാസ് മജിസ്ട്രേറ്റ് (2) ടി.കെ യഹിയയുടെ സാന്നിദ്ധ്യത്തിൽ മൃതദേഹ പരിശോധനയ്ക്ക് ശേഷം 1.10ഓടെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് കൊണ്ടുപോയി.