തിരുവനന്തപുരം: കേരളത്തിലെ സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളവും പെൻഷനും പിടിച്ചെടുത്ത് ജീവാനന്ദം പദ്ധതി നടപ്പാക്കാൻ ഉള്ള സർക്കാരിന്റെ ഗൂഢശ്രമം അനുവദിക്കുകയില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻസിന്റെ (സെറ്റോ) ആഭിമുഖ്യത്തിൽ നടന്ന നിയമസഭാ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ജീവാനന്ദം എന്ന പേരിൽ പുതിയ പദ്ധതി നടപ്പാക്കാനുള്ള നീക്കം നിലവിലുള്ള ശമ്പളവും പെൻഷനും കവർന്നെടുക്കാനുള്ള ഗൂഢശ്രമമാണ്.ഈ പദ്ധതിക്ക് പിന്നിലെ യഥാർത്ഥ ലക്ഷ്യം എന്താണെന്ന് വെളിപ്പെടുത്താൻ സർക്കാർ തയ്യാറാകുന്നില്ല.പെൻഷൻ പറ്റുന്ന ജീവനക്കാർക്ക് പുതിയൊരു പദ്ധതിയുടെ ആവശ്യമെന്തെന്ന് പറയാൻ സർക്കാരിന് ബാധ്യതയുണ്ട്.
ജീവനക്കാരുടെ ആനുകൂല്യങ്ങളായി നൽകാനുള്ള 42000 കോടി രൂപ സർക്കാർ കവർന്നെടുത്തിരിക്കുകയാണ്.2019ലെ പതിനൊന്നാം ശമ്പള പരിഷ്കരണത്തിന്റെ കുടിശ്ശിക തുക പോലും ഇതുവരെ നൽകിയിട്ടില്ല. നാല് ഗഡുക്കളായി നൽകും എന്ന് പ്രഖ്യാപിച്ചതല്ലാതെ നാളിതുവരെ നൽകിയിട്ടില്ല .ഇന്ത്യയിലെ ഏറ്റവും അധികം ക്ഷാമബത്ത കുടിശ്ശികയുള്ള സംസ്ഥാനം കേരളമാണ്. ആറ് ഗഡുക്കളായി 19 ശതമാനമാണ് ഈ ഇനത്തിൽ ജീവനക്കാർക്ക് നൽകാൻ ഉള്ളത്.അഞ്ചുവർഷമായി ലീവ് സറണ്ടർ നൽകുന്നില്ല. ഈ തുക പിഎഫിൽ ലയിപ്പിക്കും എന്ന് പറഞ്ഞതല്ലാതെ അത് അക്കൗണ്ടിൽ വരവ് വെച്ചിട്ടില്ല.
ജീവനക്കാരുടെ 15 മാസത്തെ ശമ്പളത്തിന് തുല്യമായ തുകയാണ് ഈ ഗവൺമെൻറ് പിടിച്ചു വച്ചിരിക്കുന്നത്. അത് എപ്പോൾ നൽകും എന്ന് പറയാനുള്ള മര്യാദ പോലും കാണിക്കുന്നില്ല. കുടിശ്ശിക ഡിഎയിൽ രണ്ട് ശതമാനം അനുവദിച്ചപ്പോൾ 39 മാസത്തെ അരിയർ നിഷേധിച്ചു.പന്ത്രണ്ടാം ശമ്പള പരിഷ്കരണം യാഥാർത്ഥ്യമാകേണ്ട 2024 ജൂലൈ ഒന്നിന് പതിനൊന്നാം ശമ്പള പരിഷ്കരണത്തിന്റെ കുടിശിക പോലും നൽകാൻ കഴിയാത്ത സർക്കാർ ധൂർത്തുകൾക്ക് പണം കണ്ടെത്തുന്നതിൽ മുൻപന്തിയിലാണ്.സർക്കാർ ജീവനക്കാരുടെ മേഖലയിൽ മാത്രമല്ല ക്ഷേമപെൻഷൻ നൽകാനായി ഇന്ധന സെസ് ഏർപ്പെടുത്തിയിട്ട് പോലും അഞ്ച് മാസത്തെ ക്ഷേമപെൻഷൻ കുടിശികയാണ്.
സർക്കാർ മേഖലയിലെ ജീവനക്കാരുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിലെ ജീവനക്കാരുടെ വിഹിതം ഇൻഷുറൻസ് കമ്പനികൾക്ക് കൈമാറുന്നില്ല. അതിൽനിന്നും ഒരു പങ്ക് സർക്കാർ കവർന്നെടുക്കുകയാണ്. പ്രതിവർഷം 334 രൂപ വീതമാണ് ഓരോ ജീവനക്കാരിൽ നിന്നും സർക്കാർ വക മാറ്റുന്നത്.പാർലമെൻറ് തെരഞ്ഞെടുപ്പിൽ കേരള ജനത ഒന്നടങ്കം ഈ ഗവൺമെന്റിനെതിരെ വിധിയെഴുതിയിട്ടും ഒരു ഉളുപ്പുമില്ലാതെ ന്യായീകരിച്ച് നടക്കുകയാണ് ഇടതുപക്ഷ സർക്കാർ.ജനവിരുദ്ധത മുഖമുദ്രയാക്കിയ ഒരു ഭരണകൂടത്തിൽ നിന്നും യാതൊന്നും പ്രതീക്ഷിക്കാൻ ഇല്ലാത്ത അവസ്ഥയാണ്.
ജീവാനന്ദം പദ്ധതി നടപ്പാക്കുന്നതിന് സർക്കാരിനെ അനുവദിക്കില്ല. ഏകപക്ഷീയമായി ഇതിനുള്ള നടപടികളുമായി മുന്നോട്ടു പോയാൽ ശക്തമായ പ്രക്ഷോഭം ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു