നാളെ കൊച്ചിയിൽ ചേരാൻ തീരുമാനിച്ചിരുന്ന AMMA എക്സിക്യൂട്ടീവ് യോഗം മാറ്റിവെച്ചു. ലൈംഗിക ആരോപണം ഉയർന്നതിന് പിന്നാലെ AMMA യുടെ ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ച സിദ്ദിഖിന് പകരക്കാരനെ കണ്ടെത്താനും സിനിമാ താരങ്ങൾക്കെതിരെ ഉയരുന്ന ലൈംഗിക ആരോപണങ്ങളിൽ തുടർ നടപടികൾ ചർച്ചചെയ്യാനുമായിരുന്നു യോഗം നിശ്ചയിച്ചിരുന്നത്.
സംഘടന പ്രസിഡന്റ് മോഹൻലാലിന് എത്താനുള്ള ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടിയാണ് യോഗം മാറ്റിവെച്ചത്. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ ഒരു ഭാഗം പുറത്തുവന്നതിന് പിന്നാലെ നിരവധി സിനിമ താരങ്ങൾക്കെതിരെയാണ് സിനിമയിലെ വനിത പ്രവർത്തകർ തങ്ങൾക്ക് നേരിടേണ്ടി വന്ന ലൈംഗിക പീഡനങ്ങളെക്കുറിച്ചും മോശമായ പെരുമാറ്റങ്ങളെക്കുറിച്ചും കാസ്റ്റിങ് കൗച്ചിനെക്കുറിച്ചുമുള്ള വെളിപ്പെടുത്തലുകൾ നടത്തിയത്.
സിദ്ദിഖിനെതിരെ നടി രേവതി സമ്പത്ത് പീഡന ആരോപണം ഉന്നയിച്ചതോടെ ഇദ്ദേഹം AMMA യുടെ ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചിരുന്നു. നടി മിനു മുനീർ നിരവധി താരങ്ങൾക്കെതിരെയാണ് ഇന്ന് ആരോപണവുമായി രംഗത്തെത്തിയത്. മുകേഷ്, ജയസൂര്യ, മണിയൻപിള്ള രാജു, ഇടവേള ബാബു മുതൽ പ്രൊഡക്ഷൻ കൺട്രോളർമാരെക്കുറിച്ചുവരെ മിനു മുനീർ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.