അരികൊമ്പനെ പറമ്പികുളത്തേക്ക് മാറ്റാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. ഉത്തരവ് ഉടന്‍ സ്റ്റേ ചെയ്യണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം. ഉപദ്രവകാരികളായ വന്യമൃഗങ്ങളുടെ കാര്യത്തില്‍ വന്യജീവി സംരക്ഷണ വകുപ്പ് പ്രകാരം നടപടിയെടുക്കാന്‍ അനുവദിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെടുന്നു. അതേസമയം, അരിക്കൊമ്പന്‍ കേസില്‍ സുപ്രീംകോടതിയില്‍ മൃഗസ്‌നേഹികളുടെ സംഘടന തടസഹര്‍ജി സമര്‍പ്പിച്ചു.
ഉപദ്രവകാരികള്‍ ആയ വന്യ മൃഗങ്ങളുടെ കാര്യത്തില്‍ നടപടി എടുക്കാന്‍ അധികാരം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനാണ് എന്നാണ് കേരളത്തിന്റെ വാദം. ഇക്കാര്യത്തില്‍ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ആകുന്നുവെന്നും കേരളം വാദിക്കുന്നു. അരികൊമ്പനുമായി ബന്ധപ്പെട്ട ഹൈക്കോടതി പുറപ്പെടുവിച്ച എല്ലാ ഉത്തരവുകളും സ്റ്റേ ചെയ്യണമെന്നും സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്തിനായി സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍ സി.കെ.ശശിയാണ് അപ്പീല്‍ ഫയല്‍ ചെയ്തത്.
അതിനിടെ, അരിക്കൊമ്പന്‍ കേസില്‍ സുപ്രീംകോടതിയില്‍ തടസഹര്‍ജി സമര്‍പ്പിച്ചിരിക്കുകയാണ് മൃഗസ്‌നേഹികളുടെ സംഘടന. വാക്കിങ് ഐ ഫൗണ്ടേഷന്‍ ഫോര്‍ അനിമല്‍ അഡ്വക്കസി’ എന്ന മൃഗസ്‌നേഹികളുടെ സംഘടനയാണ് സുപ്രീംകോടതിയില്‍ തടസ ഹര്‍ജി ഫയല്‍ ചെയ്തത്. അഭിഭാഷകന്‍ ജോണ്‍ മാത്യു ആണ് തടസ ഹര്‍ജി ഫയല്‍ ചെയ്തത്. സീനിയര്‍ അഭിഭാഷകന്‍ വി. ചിദംബരേഷ് സംഘടനയ്ക്ക് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരാകും. ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് സുപ്രീംകോടതി നല്‍കുന്നതിന് മുന്‍പ് തങ്ങളുടെ വാദം കേള്‍ക്കണമെന്നാണ് ആവശ്യം
ഹൈക്കോടതി വിധി നടപ്പാക്കാന്‍ പ്രയാസമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുക. ഉപദ്രവകാരികളായ വന്യമൃഗങ്ങളുടെ കാര്യത്തില്‍ വന്യജീവി സംരക്ഷണ വകുപ്പ് പ്രകാരം നടപടിയെടുക്കാന്‍ അനുവദിക്കണമെന്നും സര്‍ക്കാര്‍ സമര്‍പ്പിക്കുന്ന ഹര്‍ജിയില്‍ ആവശ്യപ്പെടും.