നിയമസഭയുടെ ബജറ്റ് സമ്മേളനത്തിനു നാളെ നയപ്രഖ്യാപനത്തോടെ തുടക്കം.
ഉപതെരഞ്ഞെടുപ്പിലൂടെ കടന്നുവന്ന രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെയും യു.ആർ. പ്രദീപിന്‍റെയും ആദ്യസമ്മേളനം കൂടിയാണിത്. ഇവരില്‍ പ്രദീപ് മുൻപ് നിയമസഭാംഗമായ പാരമ്പര്യമുണ്ടെങ്കില്‍ രാഹുല്‍ തികച്ചും പുതുമുഖമാണ്. രണ്ടു ടേമുകളിലായി നിലമ്പൂരിനെ പ്രതിനിധികരിച്ചഇടതുസ്വതന്ത്രൻ പി.വി. അൻവർ സഭയിലുണ്ടാകില്ല എന്ന പ്രത്യേകതയും ഈ സമ്മേളനത്തിനുണ്ട്.
അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്നതിനാല്‍ കെ.എൻ. ബാലഗോപാല്‍ അവതരിപ്പിക്കുന്ന അവസാനത്തെ സന്പൂർണ ബജറ്റ് ആയിരിക്കും ഇത്തവണത്തേത്.
നാളെ നയപ്രഖ്യാപന പ്രസംഗത്തോടെ സഭാ സമ്മേളനം ആരംഭിക്കും. വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കി സഭ പിരിയുന്നതിനു പകരം ഇത്തവണ സന്പൂർണ ബജറ്റ് പാസാക്കാനാണു തീരുമാനിച്ചിരിക്കുന്നത്.
ഫെബ്രുവരി ഏഴിന് ആണ് ബജറ്റ് അവതരണം. ഫെബ്രുവരി 10, 11, 12 തീയതികളില്‍ ബജറ്റിന്മേലുള്ള പൊതുചർച്ച നടക്കും.
തെരഞ്ഞെടുപ്പ് വർഷ ബജറ്റ് ആയതിനാൽ സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണ കമ്മീഷനെ ബജറ്റിൽ പ്രഖ്യാപിക്കുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.