ചൂരമൽമല ദുരന്തവുമായി ബന്ധപ്പെട്ട് വയനാടിനെതിരെ നടന്ന ക്യാമ്പയിൻ ടൂറിസം രംഗത്ത് വലിയ തിരിച്ചടിയാണ് നൽകിയതെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ചൂരൽമലയിൽ സംഭവിച്ചത് ഉണങ്ങാത്ത മുറിവായി ശേഷിക്കുമ്പോഴും, ദുരന്തം വയനാട്ടിൽ ആകെ സംഭവിച്ചുവെന്ന തരത്തിലാണ് സമൂഹ മാദ്ധ്യമങ്ങളിലടക്കം പ്രചരണം നടന്നതെന്ന് മന്ത്രി പറഞ്ഞു. നിയമസഭാ പുസ്തകോത്സവത്തിന്റെ മൂന്നാം പതിപ്പിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഹമ്മദ് റിയാസിന്റെ വാക്കുകൾ-‘‘ടൂറിസം രംഗത്ത് പരീക്ഷണങ്ങൾ നടത്താതെ കേരളത്തിന് മുന്നോട്ട് പോകാൻ കഴിയില്ല. കേരളത്തിലെ ബീച്ചുകൾക്ക് ഗോവയേക്കാൾ വലിയ സാദ്ധ്യതയുണ്ട്. കേരളത്തിലെ പല ജില്ലകളിലുമുള്ള ബീച്ചുകളുടെ ടൂറിസം സാദ്ധ്യത വളരെ വലുതാണ്. അതിനുള്ള സംവിധാനം ഒരുക്കുക എന്നതാണ് പ്രധാനം. അതിലൊന്നാണ് അഡ്വഞ്ചർ സ്പോർട്‌സും വാട്ടർ സ്പോർട്‌സും വികസിപ്പിക്കുക എന്നത്. വിദേശ സഞ്ചാരികളുടെ ആഗ്രഹത്തിനനുസരിച്ച് ബീച്ചും പരിസരവും ഒരുക്കുക എന്ന കാര്യവുമുണ്ട്.അനാവശ്യ വിവാദമുണ്ടാക്കിയ ഒന്നാണ് വാട്ടർ സ്പോർട്‌സിന്റെ ഡെവലപ്പ്മെന്റുമായി ബന്ധപ്പെട്ട് ഉണ്ടായത്. മറ്റൊരു ഉദാഹരണം ചൂരൽമല ദുരന്തമാണ്.
എല്ലാവരുടെയും മനസിൽ ഉണങ്ങാത്ത മുറിവാണ് ഉണ്ടാക്കിയത്. എന്നാൽ പ്രചരിപ്പിച്ച് പ്രചരിപ്പിച്ച് അതിനെ വയനാട് ദുരന്തമാക്കി മാറ്റി. സോഷ്യൽ മീഡിയയിലെ വലിയ ഹാഷ് ടാഗ് തന്നെ വയനാട് ഡിസാസ്‌റ്റർ എന്നായിരുന്നു. ചൂരൽമലയിൽ മാത്രമായിരുന്നു ദുരന്തം ബാധിച്ചത്. വയനാട്ടിലെ മറ്റു സ്ഥലങ്ങളിലൊന്നും പ്രശ്നമുണ്ടായിരുന്നില്ല.പക്ഷേ, ആ പ്രചരണം മാസങ്ങൾക്ക് മുമ്പുതന്നെ വയനാട്ടിലെ ഹോട്ടലുകളിൽ റൂം ബുക്ക് ചെയ‌്തവർ അത് കാൻസൽ ചെയ്യുന്ന നിലയിലേക്ക് കൊണ്ടെത്തിച്ചു. തുടർന്ന് വലിയ ക്യാമ്പയിനുകൾ നടത്തിയാണ് അത് മറികടക്കാൻ കഴിഞ്ഞത്. ”