പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് അവഗണിച്ച് ഈ മാസം 28ന് പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്റ് മന്ദിരം രാജ്യത്തിന് സമര്‍പ്പിക്കും. ഇന്ത്യന്‍ സംസ്‌കാരത്തെ പ്രതിഫലിപ്പിക്കുന്നതാണ് പുതിയ പാര്‍ലമെന്റ് മന്ദിരമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.
ഞായറാഴ്ച ഉച്ചയ്ക്ക് 12മണിക്ക് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയുടെ സാന്നിദ്ധ്യത്തിലാണ് പ്രധാനമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കുക. പുതിയ പാര്‍ലമെന്റ് മന്ദിരം ഇന്ത്യയ്ക്ക് വേണ്ടിയുള്ള ദീര്‍ഘവീക്ഷണത്തിന്റെ തെളിവാണെന്നും മോദി സര്‍ക്കാരിന്റെ ഒമ്പത് വര്‍ഷത്തെ റിപ്പോര്‍ട്ട് കാര്‍ഡ് അവതരിപ്പിച്ചുകൊണ്ട് അമിത് ഷാ പറഞ്ഞു.
സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തില്‍ പ്രധാനമന്ത്രി മോദി നിശ്ചയിച്ച ലക്ഷ്യങ്ങളില്‍ ഒന്നാണ് ചരിത്ര പാരമ്പര്യങ്ങളെ ബഹുമാനിക്കുകയും പുനരുജ്ജീവിപ്പിക്കുക എന്നതും. ഐതിഹാസികമായ ചോള രാജവംശത്തിന്റെ സങ്കോള’ എന്ന പുരാതന അവശേഷിപ്പിനെ പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ സ്ഥാപിക്കുമെന്നും ഷാ പ്രഖ്യാപിച്ചു.
സങ്കോള സ്വാതന്ത്ര്യത്തിന്റെയും നിഷ്പക്ഷ ഭരണത്തിന്റെയും പ്രതീകമാണെന്നും അദ്ദേഹം പറഞ്ഞു.എന്നാല്‍, ഉദ്ഘാടനം ഒറ്റക്കെട്ടായി ബഹരിഷ്‌കരിക്കുമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ അറിയിച്ചത്. ഉദ്ഘാടനം ബഹിഷ്‌കരിച്ച് കോണ്‍ഗ്രസ്, തൃണമൂല്‍കോണ്‍ഗ്രസ്, സിപിഎം, സിപിഐ, എന്‍സിപി, ആര്‍ജെഡി, എഎപി, ജെഡിയു, ഡിഎംകെ, എസ്.പി, ശിവസേന ഉദ്ദവ് വിഭാഗം, മുസ്ലീം ലീഗ്, കേരള കോണ്‍ഗ്രസ് എം, ജെഎംഎം, എന്‍സി, ആര്‍എല്‍ഡി, ആര്‍എസ്പി, വിസികെ, എംഡിഎംകെ എന്നീ 19 പാര്‍ട്ടികള്‍ സംയുക്ത പ്രസ്താവന ഇറക്കി. ചന്ദ്രശേഖര റാവുവിന്റെ ബിആര്‍എസ് സ്വന്തം പ്രസ്താവനയാകും ഇറക്കുക.
പാര്‍ലമെന്റിന്റെ അദ്ധ്യക്ഷ എന്ന നിലയില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു ഉദ്ഘാടനം ചെയ്യേണ്ട പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുന്നതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷം ചടങ്ങ് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഭരണഘടനാപരമായ ഔചിത്യത്തിന്റെ ലംഘനമാണ് ഇതെന്നും കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ആരോപിച്ചു. ഉദ്ഘാടനത്തിന് രാഷ്ട്രപതിയെ ക്ഷണിക്കാത്തത് ദളിതരെയും ആദിവാസികളെയും സ്ത്രീകളെയും അപമാനിക്കലാണെന്നും കോണ്‍ഗ്രസ് നേതാവ് പ്രമോദ് തിവാരി പറഞ്ഞു.