തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അപൂര്‍ണ്ണമായ രൂപം പുറത്തുവന്നതോടെ മലയാള സിനിമയില്‍ വനിതകള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് കേരളം ചര്‍ച്ച ചെയ്യുകയാണ്. എന്നാല്‍,
സിനിമയില്‍ മാത്രമല്ല പോലിസിലെ വനിതകള്‍ക്ക് നേരെയും അതിക്രമങ്ങള്‍ ഉണ്ടായതായി മുഖ്യമന്ത്രിയുടെ നിയമസഭ മറുപടി.
പോലിസ് സേനയിലെ വനിതകള്‍ക്കും മേലുദ്യോഗസ്ഥരില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും മാനസികവും ശാരീരികവും ആയ അതിക്രമങ്ങള്‍ സംഭവിച്ചതായ പരാതികള്‍ ലഭിച്ചുണ്ടെന്ന് മുഖ്യമന്ത്രി. എല്ലാ പരാതികളിലും ഉചിതമായ നടപടി സ്വീകരിച്ചുണ്ടെന്ന് പറയുന്ന മുഖ്യമന്ത്രി, പക്ഷേ വിശദവിവരങ്ങള്‍ നല്‍കിയില്ല എന്നതും ശ്രദ്ധേയമാണ്.
പോലിസ് സ്റ്റേഷനില്‍ വനിത ജീവനക്കാര്‍ക്ക് മാത്രമുള്ള ടോയ്ലെറ്റുകള്, വിശ്രമമുറികള്‍ എന്നിവ സ്ഥാപിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 4723 വനിതകളാണ് കേരളത്തിലെ പോലിസ് സേനയില്‍ ഉള്ളത്. 11 വനിത ഐ.പി.എസുകാര്‍ സംസ്ഥാന സര്‍വീസിലുണ്ട്. കൂടാതെ 3265 സിവില്‍ പോലിസ് ഓഫിസര്‍, 159 ഹവില്‍ദാര്‍, 1205 സിവില്‍ സീനിയര്‍ പോലീസ് ഓഫിസര്‍, 5 ആംഡ് പോലിസ് സബ് ഇന്‍സ്പെക്ടര്‍, 70 സബ് ഇന്‍സ്പെക്ടര്‍, 6 ഇന്‍സ്പെക്ടര്‍, 2 അസിസ്റ്റന്റ് കമാണ്ടന്റ് എന്നിങ്ങനെയാണ് സംസ്ഥാനത്തിന്റെ വനിതപോലിസ്സേനയുടെ ശക്തി.