കൊച്ചിയിലെ വിചാരണക്കോടതിയുടേതാണ് നടപടി. കോഴക്കേസില്‍ റിമാന്റില്‍ കഴിയുന്ന ഇദ്ദേഹം ചികിത്സാര്‍ത്ഥമെന്ന കാരണം പറഞ്ഞാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ജാമ്യ ഉപാധികളില്‍ ഇളവ് തേടി യൂണിടാക് ഉടമയും കേസിലെ ഏഴാം പ്രതിയുമായ സന്തോഷ് ഈപ്പന്‍ നല്‍കിയ ഹര്‍ജിയും കോടതി തള്ളി. തന്റെ പാസ്പോര്‍ട്ട് വിട്ടുകിട്ടണമെന്നായിരുന്നു സന്തോഷ് ഈപ്പന്റെ ആവശ്യം. വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുമായി തനിക്ക് ബന്ധമില്ലന്നാണ് ശിവശങ്കര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ പറയുന്നത്.
സുപ്രീംകോടതിയില്‍ ജസ്റ്റിസ് വി രാമസുബ്രഹ്മണ്യം, ജസ്റ്റിസ് പങ്കജ് മിത്തല്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. യൂണിടാക്കുമായി സാമ്പത്തിക ഇടപാട് നടത്തിയത് സ്വപ്ന സുരേഷും സരിത്തുമടക്കം യു എ ഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരാണ്. യൂണിടാക്കിനെ തിരഞ്ഞെടുത്തത് യു എ ഇ കോണ്‍സുലേറ്റാണ്. തനിക്കോ സംസ്ഥാന സര്‍ക്കാരിനോ ഇതില്‍ പങ്കില്ലെന്നും ലൈഫ് മിഷന്‍ കേസിലെ അറസ്റ്റ് രാഷ്ട്രീയ അടവിന്റെ ഭാഗമാണെന്നും സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത ജാമ്യഹര്‍ജിയില്‍ ആരോപിച്ചിരുന്നു.