കൊച്ചി: തട്ടിപ്പ് കേസില്‍ കെ.സുധാകരന്റെ പേര് പറയാന്‍ ഡിവൈ എസ്.പി റസ്തം തന്നെ ഭീഷണിപ്പെടുത്തിയതായി ആരോപിച്ച് മോന്‍സണ്‍ മാവുങ്കല്‍. വീഡിയോ കോണ്‍ഫറന്‍സ് വഴി കോടതിയില്‍ ഹാജരായപ്പോഴാണ് മോന്‍സണ്‍ ഇക്കാര്യം നേരിട്ട് കോടതിയെ അറിയിച്ചത്. സുധാകരന്റെ പേര് പറഞ്ഞില്ലെങ്കില്‍ ഭാര്യയും മക്കളും ജീവനോടെയുണ്ടാകില്ലെന്ന് ഡിവെ എസ്.പി ഭീഷണിപ്പെടുത്തിയത് കോടതിയെ അറിയിച്ചെന്ന് മോന്‍സന്റെ അഭിഭാഷകന്‍ എം.ജി ശ്രീജിത്തും മാദ്ധ്യമങ്ങളെ അറിയിച്ചു.
കോടതിയില്‍ നിന്നും കൊണ്ടുപോകും വഴി കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ച ശേഷമായിരുന്നു ഭീഷണിയെന്നാണ് വിവരം. പരാതിക്കാരന്‍ അനൂപില്‍ നിന്നും 25 ലക്ഷം രൂപ വാങ്ങിയത് കെ.സുധാകരന് കൊടുക്കാനാണെന്ന് പറയണമെന്നും നിര്‍ബന്ധിച്ചു. മോന്‍സന്റെ പരാതി ജയില്‍ മേധാവി വഴി കോടതിയെ അറിയിക്കാന്‍ തുടര്‍ന്ന് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി നിര്‍ദ്ദേശിച്ചു.
ഭാര്യയെക്കുറിച്ച് ഡിവൈ.എസ്.പി മോശമായ രീതിയില്‍ സംസാരിച്ചതായാണ് മോന്‍സണ്‍ പരാതി അറിയിച്ചത്. കേസ് 19ലേക്ക് മാറ്റിവച്ചു. കോഴിക്കോട് സ്വദേശിയായ എം.ടി ഷമീര്‍, യാക്കൂബ്, സിദ്ദിഖ്, സലീം, മലപ്പുറം സ്വദേശിയായ ഷാനിമോന്‍, തൃശൂര്‍ സ്വദേശി അനൂപ് അഹമ്മദ് എന്നിവരുടെ പരാതിയില്‍ 2021 സെപ്തംബര്‍ 26നാണ് ക്രൈംബ്രാഞ്ച് മോന്‍സണെ അറസ്റ്റ് ചെയ്തത്. പരാതിക്കാര്‍ പണം കൈമാറുമ്പോര്‍ കെ.സുധാകരന്‍ എം.പി ഒപ്പമുണ്ടായിരുന്നു എന്ന് ഇവര്‍ ആരോപിച്ചിരുന്നു. മോന്‍സണിന്റെ ഡ്രൈവറായിരുന്ന അജിത്ത്, മുന്‍ ജീവനക്കാര്‍ ജെയ്സണ്‍, ജോഷി എന്നിവരും സുധാകരന് മോന്‍സണ്‍ 10 ലക്ഷം രൂപ നല്‍കുന്നത് കണ്ടെന്ന് രഹസ്യമൊഴി നല്‍കിയിരുന്നു.