അറസ്റ്റുണ്ടായാല്‍ 50,000 രൂപയുടെ ബോണ്ടിലും അതേ തുകയ്ക്ക് രണ്ടു പേരുടെ ഉറപ്പിലും ജാമ്യം അനുവദിക്കാനാണ് ജസ്റ്റിസ് സിയാദ് റഹ്‌മാന്‍ ഉത്തരവിട്ടത്. മുന്‍ ഐജി ലക്ഷ്മണയ്ക്കും ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചിട്ടുണ്ട്.
മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെ, ഡിജിപി അനില്‍കാന്ത്, മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റ, എഡിജിപി മനോജ് ഏബ്രഹാം എന്നിവരുടെ മോന്‍സണ്‍ മാവുങ്കലുമൊത്തുള്ള ചിത്രങ്ങള്‍ സുധാകരന്‍ കോടതിയില്‍ സമര്‍പ്പിച്ചു. ഇവര്‍ മോന്‍സന്റെ വീട്ടിലെ സ്ഥിരം സന്ദര്‍ശകരായിരുന്നുവെന്ന് സുധാകരന്‍ കോടതിയെ അറിയിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയാലുടന്‍ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെ അറസ്റ്റ് ചെയ്യാന്‍ ക്രൈംബ്രാഞ്ച് സന്നാഹമൊരുക്കിയിരുന്നു.
മോന്‍സണ്‍ മുഖ്യപ്രതിയായ തട്ടിപ്പുകേസില്‍ രണ്ടാം പ്രതിയാണ് കെ. സുധാകരന്‍. കേസില്‍ രഹസ്യമൊഴി നല്‍കിയ വ്യക്തിയാണ് പ്രധാനസാക്ഷി. സംഭവദിവസം മോന്‍സണിന്റെ വീട്ടില്‍ വച്ച് സുധാകരന്‍ പണം കൈപ്പറ്റുന്നത് കണ്ടെന്നാണ് മൊഴി. ഈ സാക്ഷിയുമായി മോന്‍സണ്‍ ഡല്‍ഹിക്ക് പോയതിനുള്ള തെളിവും ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്. കേസില്‍ സുധാകരനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചെങ്കിലും ഹാജരായിരുന്നില്ല.സുധാകരന്റെ മദ്ധ്യസ്ഥതയില്‍ താന്‍ 25 ലക്ഷം രൂപ മോന്‍സണിന് നല്‍കിയെന്ന് പരാതിക്കാരില്‍ ഒരാളായ അനൂപിന്റെ മൊഴിയുണ്ട്.
ഇതില്‍ പത്ത് ലക്ഷം രൂപ സുധാകരന് അനൂപ് മടങ്ങിയ ഉടനെ തന്നെ കൈമാറുന്നത് കണ്ടെന്നാണ് മോന്‍സണിന്റെ മുന്‍ ഡ്രൈവര്‍ അജിത്തും ജീവനക്കാരായ ജെയ്‌സണും ജോഷിയും നല്‍കിയ മൊഴി. പണം നേരിട്ട് വാങ്ങാറില്ലെന്ന് മോന്‍സണ്‍ മാവുങ്കല്‍ ക്രൈംബ്രാഞ്ചിനോട് പറഞ്ഞിരുന്നു. എന്നാല്‍ പണം വാങ്ങുന്നതിന്റെ ദൃശ്യം ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ കാണിച്ചപ്പോള്‍ ഓര്‍മ്മയില്ലെന്ന് തിരുത്തി. വിയ്യൂര്‍ ജയിലില്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി വൈ.ആര്‍.
റസ്തത്തിന്റെ നേതൃത്വത്തില്‍ മണിക്കൂറുകള്‍ ചോദ്യം ചെയ്തിരുന്നു. കെ. സുധാകരന് പണം നല്‍കിയോയെന്ന ചോദ്യത്തിന് ഓര്‍മ്മയില്ലെന്നായിരുന്നു മറുപടി. പുരാവസ്തുതട്ടിപ്പ് കേസില്‍ നേരത്തെ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ മോന്‍സണ്‍ അക്കൗണ്ടുവഴി പണം വാങ്ങാറില്ലെന്നാണ് കണ്ടെത്തിയത്. പലരില്‍ നിന്നും കോടികള്‍ വാങ്ങിയെങ്കിലും മോന്‍സണിന്റെ അക്കൗണ്ടില്‍ തുച്ഛമായ പണം മാത്രമാണ് ഉണ്ടായിരുന്നത്.