തിരുവനന്തപുരം : ലൈംഗീക പീഡന ആരോപണത്തിൽ സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. തനിക്കെതിരെയുളള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു സിദ്ദിഖിന്റെ ആവശ്യം. എന്നാൽ മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിൽ ബലാത്സംഗക്കുറ്റം ആണ് സിദ്ദിഖിനെതിരെ ചുമത്തിയിരിക്കുന്നത്. അതിനാലാണ് ഹൈക്കോടതി സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്.
ജില്ലാ പ്രിൻസിപ്പിൽ സെഷൻസ് കോടതിയിൽ ജാമ്യം കിട്ടില്ലായെന്ന് ഉറപ്പ് വന്നതോടെയായിരുന്നു സിദ്ദിഖ് ഹൈക്കോടതിയെ സമീപിച്ചത്. മുൻകൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ കേസിൽ അറസ്റ്റ് നടപടി ഉള്‍പ്പെടെ സിദ്ദീഖ് നേരിടേണ്ടി വന്നേക്കാം. ജാമ്യം ലഭിക്കാത്ത സാഹചര്യത്തിൽ അന്വേഷണത്തിന്‍റെ ഭാഗമായുള്ള തുടര്‍ നടപടികളിലേക്ക് അന്വേഷണ സംഘം വേഗത്തിൽ നീങ്ങിയേക്കും. സിദ്ദീഖിനെതിരായ കേസ് അന്വേഷണത്തിൽ നിര്‍ണായക തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
2016ൽ സിനിമാ വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി, തിരുവനന്തപുരത്തെ മസ്കറ്റ് ഹോട്ടലിൽ വെച്ച് സിദ്ദിഖ് ബലാത്സംഗം ചെയ്തെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. അതേസമയം കേസില്‍ പരാതിക്കാരിയുമായി പ്രത്യേക അന്വേഷണ സംഘം മസ്കറ്റ് ഹോട്ടലിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു.