തിരുവനന്തപുരം: പുതിയ ഗവർണർക്ക് സർക്കാരിനൊപ്പം ഭരണഘടനാപരമായി യോജിച്ച് പ്രവർത്തിക്കാൻ സാധിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കേരളത്തിലെ ജനങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ സർക്കാർ പാസാക്കുന്ന നിയമങ്ങളും നിയമനിർമാണത്തിന് ആവശ്യമായ സഹായങ്ങളുമെല്ലാം ചെയ്തുകൊടുത്ത് മുന്നോട്ട് പോവുന്ന ഗവർണറെയാണ് കേരളം നേരത്തേ കണ്ടത്. എന്നാൽ, അതിൽനിന്നെല്ലാം വ്യത്യസ്തനായിരുന്നു നിലവിലുള്ള ഗവർണർ. അതുമാറി ശരിയായ രീതിയിൽ ഭരണഘടനാപരമായ ഉത്തരവാദിത്തം നിർവഹിച്ച് പോവുന്ന ഒരു സമീപനത്തിലേക്ക് പുതിയ ഗവർണർ എത്തണമെന്നും എംവി ഗേവിന്ദൻ ആവശ്യപ്പെട്ടു.
ഇതുവരെ കേട്ടുകേൾവിയില്ലാത്ത ഭരണഘടനാ വിരുദ്ധ നിലപാടുകളാണ് നിലവിലുള്ള ഗവർണർ സ്വീകരിച്ചിട്ടുള്ളതെന്ന പരാതി കേരളത്തിനുണ്ട്. അതിന് വെള്ള പൂശാൻ വേണ്ടി മഹത്വവൽക്കരിക്കാൻ വേണ്ടിയുള്ള ശ്രമങ്ങളാണ് ചില മാദ്ധ്യമങ്ങൾ നടത്തിയിട്ടുള്ളത്. അത് തികച്ചും കേരള വിരുദ്ധമായ സമീപനമാണ്.”പുതിയ ഗവർണർ വന്നിരിക്കുന്നു. ബിജെപിയാണ് നാമനിർദേശം ചെയ്യുന്നത്. പരമ്പരാഗത ബിജെപി ആർഎസ്എസ് സംവിധാനത്തെ അടിസ്ഥാനമാക്കിയിട്ടാണ് ഗവർണറെ തീരുമാനിക്കുന്നത്. അതുകൊണ്ട് വരുന്ന ഒരു ഗവർണറെപ്പറ്റി അദ്ദേഹം എങ്ങനെയായിരിക്കുമെന്ന് മുൻകൂട്ടി പറയാൻ ഞാൻ ഉദ്ദേശിക്കുന്നുല്ല. ‘
എം വി ഗോവിന്ദൻ പറഞ്ഞു.ക്രിസ്മസ് ആഘോഷങ്ങൾ തടസപ്പെടുത്തിയതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കും എംവി ഗോവിന്ദൻ മറുപടി നൽകി. അത്തരം ശ്രമങ്ങൾ രാജ്യവ്യാപകമായി നടക്കുന്നുണ്ട്. ഗോൾവാർക്കറിന്റെ വിചാരധാര അനുസരിച്ച് സംഘപരിവാറിന് മൂന്ന് ആഭ്യന്തര ശത്രുക്കളാണുള്ളത്. അതിൽ ആദ്യം മുസ്ലാം, രണ്ടാമത് ക്രിസ്ത്യാനി, മൂന്നാമത് കമ്മ്യൂണിസ്റ്റ് ആണ്. അതാണ് അവരുടെ പ്രത്യയ ശാസ്ത്രമെന്നും എംവി ഗേവിന്ദൻ പറഞ്ഞു.