അമേരിക്കയില്‍ നിന്നുള്ള കര്‍ദിനാള്‍ റോബര്‍ട് പ്രിവോസ്റ്റ് പുതിയ മാര്‍പാപ്പ. ലിയോ പതിനാലാമന്‍ എന്ന പേരാണ് അദ്ദേഹം സ്വീകരിച്ചത്. അമേരിക്കയില്‍ നിന്ന് ആഗോള കത്തോലിക്കാ സഭയുടെ അമരത്ത് എത്തുന്ന ആദ്യത്തെ മാര്‍പാപ്പയാണ് ഇദ്ദേഹം.
റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റ് എന്നാണ് കര്‍ദിനാളിന്റെ മുഴുവന്‍ പേര്. ആഗോള കത്തോലിക്കാ സഭയുടെ 267ാമത്തെ പോപ്പാണ് ഇദ്ദേഹം. ഔദ്യോഗിക പ്രഖ്യാപനം വന്ന സാഹചര്യത്തില്‍ ഇദ്ദേഹം ഉടന്‍ തന്നെ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ മട്ടുപ്പാവിലേക്ക് എത്തിച്ചേരും.
ചിക്കാഗോയില്‍ നിന്നുള്ള 69 കാരനായ കര്‍ദിനാളാണ് പ്രവോസ്റ്റ്. നയതന്ത്ര, അന്താരാഷ്ട്ര വിഷയങ്ങളില്‍ അഗ്രഗണ്യനാണ്. മിഷണറി ജീവിതത്തിന്റെ ഭൂരിഭാഗവും അദ്ദേഹം തെക്കേ അമേരിക്കയിലാണ് ചെലവഴിച്ചത്. ബിഷപ്പ് നിയമനങ്ങളുമായി ബന്ധപ്പെട്ട് വത്തിക്കാന്റെ ചുമതലയിലേക്ക് അദ്ദേഹത്തെ ഫ്രാന്‍സിസ് മാര്‍പാപ്പയാണ് എത്തിച്ചത്.
പെറുവിലായിരുന്നു റോബര്‍ട് ഫ്രാന്‍സിസ് പ്രവോസ്റ്റ് വൈദിക വൃത്തി ആരംഭിച്ചത്. ഇവിടെ തന്നെ ചിക്ലായോയില്‍ ബിഷപ്പായി. 2023 വരെ അവിടെ തുടര്‍ന്ന ശേഷമാണ് അദ്ദേഹം വത്തിക്കാനിലെത്തിയത്.