കോട്ടയം: സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇ.പി ജയരാജന്റെ ആത്മകഥ വിവാദത്തിൽ പൊലീസ് അന്വേഷണം പൂർത്തിയാക്കി. അന്വേഷണ സംഘം ഉടൻ കോടതിയിൽ കുറ്റപത്രം സമർപ്പിക്കും. ഡിസി ബുക്ക്സ് പ്രസിദ്ധീകരണ വിഭാഗം മേധാവി എ.വി ശ്രീകുമാർ മാത്രമാണ് കേസിൽ പ്രതി. കൂടുതൽ പേരെ പ്രതിചേർക്കണ്ടതില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. കോട്ടയം ഈസ്റ്റ് എസ്എച്ച്ഒ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഏറെ വിവാദമായ ആത്മകഥാ വിവാദ കേസിൽ അന്വേഷണം പൂർത്തിയാക്കിയത്.
കരാർ ഇല്ലാതെയും, ഇ.പി ജയരാജന്റെ അനുമതി ഇല്ലാതെയുമാണ് ഡിസി ബുക്സ് ആത്മകഥയെക്കുറിച്ച് പ്രചരണം നടത്തിയത് എന്നാണ് പൊലീസ് കണ്ടെത്തൽ. വയനാട്- ചേലക്കര ഉപതെരഞ്ഞെടുപ്പ് ദിനമായിരുന്നു രാഷ്ട്രീയ ബോംബായി ‘കട്ടൻ ചായയും പരിപ്പുവടയും, ഒരു കമ്മ്യൂണിസ്റ്റിന്റെ ജീവിതം’ എന്ന പേരിൽ ഇ പിയുടെ ആത്മകഥാ ഭാഗങ്ങൾ മാധ്യമങ്ങളിലൂടെ പുറത്ത് വന്നത്. ഇത് തൻറെ ആത്മകഥയല്ലെന്ന് ഇ പി ജയരാജൻ പരസ്യ നിലപാടെടുത്തതോടെയാണ് വിവാദം മുറുകിയത്. ഇ പിയുടെ പരാതിയിൽ കോട്ടയം എസ് പി നടത്തിയ അന്വേഷണത്തിലാണ് ആത്മകഥാ ഭാഗം ചോർന്നത് ഡിസി ബുക്സിൽ നിന്നാണെന്ന കണ്ടെത്തിയത്.
ഡിസി ബുക്സിന്റെ പ്രസിദ്ധീകരണ വിഭാഗം മേധാവിയായിരുന്ന എ വി ശ്രീകുമാർ ആത്മകഥാഭാഗങ്ങൾ ചോർത്തിയെന്നാണ് ഡിജിപിക്ക് നൽകിയ പൊലീസ് റിപ്പോർട്ട്. ഇ പി ജയരാജനും ഡി സി ബുക്സും തമ്മിൽ ആത്മകഥ പ്രസിദ്ധീകരിക്കുന്നതിൽ രേഖാമൂലമുള്ള കരാർ കണ്ടെത്താനായില്ലെന്നും പൊലീസ് പറയുന്നു. സംഭവത്തിൽ അന്വേഷണ സംഘം എ. വി ശ്രീകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും, കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നതിനാൽ ശ്രീകുമാറിനെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിടുകയായിരുന്നു