സഹോദരി ഉഷ മോഹൻദാസുമായുള്ള സ്വത്ത് തർക്കത്തിൽ മന്ത്രി കെ.ബി. ഗണേഷ് കുമാറിന് ആശ്വാസമായി ഫോറൻസിക് പരിശോധനാ റിപ്പോർട്ട്. ആർ. ബാലകൃഷ്ണപിള്ള തയാറാക്കിയ വിൽപത്രത്തിൽ സ്വത്തുക്കൾ ഗണേഷ് കുമാറിന് നൽകിയത് സാധൂകരിക്കുന്നതാണ് പരിശോധനാ ഫലം. ഈ വിൽപത്രത്തിലെ ഒപ്പുകൾ വ്യാജമാണെന്ന ഉഷയുടെ വാദം തള്ളുന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്.
വിൽപത്രത്തിലെ ഒപ്പുകൾ ഫൊറൻസിക് പരിശോധനയ്ക്കായി സ്റ്റേറ്റ് ഫൊറൻസിക് സയൻസ് ലബോറട്ടറിക്ക് അയച്ചത് കൊട്ടാരക്കര മുൻസിഫ് കോടതിയാണ്. ഫൊറൻസിക് പരിശോധനയ്ക്ക് ശേഷം വിശദമായ റിപ്പോർട്ട് കോടതിയിൽ ഇന്നലെയാണ് നൽകിയത്. ഈ ഒപ്പുകളെല്ലാം ആർ. ബാലകൃഷ്ണപിള്ളയുടേതാണെന്നാണ് കണ്ടെത്തൽ.
കെ.ബി. ഗണേഷ് കുമാറിന് അനുകൂലമായ കണ്ടെത്തലാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. സഹോദരിയുമായുള്ള സ്വത്ത് തർക്കത്തിന്റെ പേരിൽ ഗണേഷിന് രണ്ടര വർഷം മന്ത്രിസ്ഥാനം ഏറ്റെടുക്കാൻ സാധിക്കാതിരുന്നു. തുടർഭരണ സമയത്ത് പിണറായി വിജയനെ നേരിട്ട് കണ്ട് ഉഷ മോഹൻദാസ് ഗണേഷ് കുമാറിനെതിരെ പരാതിപ്പെടുകയായിരുന്നു. പിന്നീട് ഘടകകക്ഷികളുടെ ധാരണപാലിക്കാൻ ഇടതുമുന്നണി തയാറായപ്പോഴാണ് രണ്ടര വർഷം കഴിഞ്ഞ് മന്ത്രി സ്ഥാനം ഗണേഷ്‌കുമാറിനു ലഭിച്ചത്.
ആർ. ബാലകൃഷ്ണപിള്ളയുടെ ബാങ്കിടപാടുകളിലെയും ഔദ്യോഗിക രേഖകളിലെയും തെരേെഞ്ഞടുപ്പ് നോമിനേഷൻ പത്രകയിലെ ഒപ്പുകൾ എന്നിവയുമായി താരതമ്യം നടത്തിയാണ് ഫോറൻസിക് സംഘം റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
ആർ ബാലകൃഷ്ണപിള്ളയുടെ അവസാനകാലത്ത് വാളകത്തെ വീട്ടിൽ പൂർണ്ണസമയവും അദ്ദേഹത്തെ പരിചരിച്ചത് ഗണേഷായിരുന്നു. അതിന് മുമ്പ് തന്നെ വിൽപത്രം തയ്യാറാക്കിയിരുന്നു. ഇക്കാര്യം കാര്യസ്ഥന് മാത്രമേ അറിയാമായിരുന്നുള്ളൂ. മരണശേഷം വിൽപത്രം പരസ്യമാക്കിയപ്പോഴാണ് സഹോദരർ തമ്മിൽ തർക്കം രൂപപ്പെട്ടത്. കൂടുതൽ സ്വത്തുക്കളും ഗണേഷ് കുമാറിന് നൽകാനായിരുന്നു ബാലകൃഷ്ണപിള്ളയുടെ ആഗ്രഹം.
അസുഖം മൂർച്ഛിച്ച സമയത്ത് ഓർമ്മക്കുറവുണ്ടായെന്നും ആ സമയത്ത് തയ്യാറാക്കിയതാണ് വിൽപത്രമെന്നുമായിരുന്നു ഉഷയുടെ നിലപാട്. എന്നാൽ അതിന് മുമ്പ് തന്നെ വിൽപത്രം തയ്യാറാക്കപ്പെട്ടിരുന്നുവെന്ന് ബാലകൃഷ്ണപിള്ളയുടെ വിശ്വസ്തർ ഗണേഷിനെ അറിയിക്കുകയായിരുന്നു. സ്വത്തു വീതം വയ്പു നടത്തി സമവായത്തിനൊക്കെ ശ്രമം നടന്നെങ്കിലും വ്യാജ ആരോപണം തെളിയിക്കണമെന്ന നിലപാടിലായിരുന്നു ഗണേഷ് കുമാർ. സഹോദരി ഉഷാ മോഹൻദാസാണ് കോടതിയെ സമീപിച്ചത്.