ബിനീഷ് കോടിയേരിയുടെ ജാമ്യം റദ്ദാക്കണമെന്ന് ഇഡി നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി

തിരുവനന്തപുരം: ബെംഗളൂരു ലഹരി ഇടപാടിലെ കള്ളപ്പണ കേസില്‍ ബിനീഷ് കോടിയേരിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ബെംഗളൂരുവിലെ ഇ.ഡി. ഡെപ്യൂട്ടി ഡയറക്ടര്‍ നല്‍കിയ ഹര്‍ജിയാണ് ജസ്റ്റിസുമാരായ ബി.ആര്‍. ഗവായ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് തള്ളിയത്. 2021 ഒക്ടോബറിലാണ് ബിനീഷ് കോടിയേരിക്ക് കര്‍ണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഈ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ്‌സുപ്രീംകോടതിയെ സമീപിച്ചത്. നാല് വര്‍ഷമായി ബിനീഷ് ജാമ്യത്തിലാണെന്നും അതിനാല്‍ ആവശ്യം അംഗീകരിക്കാനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. അഭിഭാഷകന്‍ ജിഷ്ണു എംഎല്‍ ബിനീഷിനായി ഹാജരായി.

അതേസമയം കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിക്കെതിരായ വിചാരണക്കോടതിയുടെ നടപടികള്‍ കര്‍ണാടക ഹൈക്കോടതി ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസത്തില്‍ സ്റ്റേ ചെയ്തിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷിനെതിരായ ഇ ഡിയുടെ കേസ് നിലനില്‍ക്കില്ലെന്നതടക്കമുള്ള നിരീക്ഷണവും അന്ന് കര്‍ണാടക ഹൈക്കോടതി നടത്തിയിരുന്നു. ലഹരിക്കടത്ത് കേസില്‍ പ്രതിയല്ലാത്തതിനാല്‍ പ്രഥമദൃഷ്ട്യാ കള്ളപ്പണം വെളുപ്പിക്കല്‍ കേസ് ബിനീഷിനെതിരെ നിലനില്‍ക്കില്ലെന്നാണ് അന്ന് കര്‍ണാടക ഹൈക്കോടതി നിരീക്ഷിച്ചത്.

ബിനീഷിനെതിരായ കേസ് സ്റ്റേ ചെയ്തതോടെ ഹൈക്കോടതി വാദം അവസാനിക്കുന്നത് വരെ ബിനീഷിന് വിചാരണക്കോടതിയില്‍ ഹാജരാകുകയും വേണ്ട. നേരത്തേ ഈ കേസില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബിനീഷ് നല്‍കിയ വിടുതല്‍ ഹര്‍ജി വിചാരണക്കോടതി തള്ളിയിരുന്നു. ഇതേത്തുടര്‍ന്നാണ് ബിനീഷ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. കര്‍ണാടക ഹൈക്കോടതി ജസ്റ്റിസ് ഹേമന്താണ് അന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

 

Leave a Reply

Your email address will not be published. Required fields are marked *