തിരുവനന്തപുരം: ഇ- ഓഫിസ് പണി മുടക്കിയതോടെ സെക്രട്ടറിയേറ്റിൻ്റെ പ്രവർത്തനം മുടങ്ങി. ചൊവ്വാഴ്ച്ച രാവിലെ 10 മണി മുതലാണ് ഇ- ഓഫിസ് പ്രവർത്തനരഹിതമായത്.
സെക്രട്ടറിയേറ്റിലെ മുഴുവൻ വകുപ്പുകളിലും ഇ-ഫയലുകളാണ്. രാവിലെ പതിവ് പോലെ ഓഫിസിൽ എത്തിയവർ കമ്പ്യൂട്ടർ ഓൺ ചെയ്യുമ്പോഴാണ് ഇ- ഓഫിസ് പണിമുടക്കിയ വിവരം അറിയുന്നത്. ഇതോടെ അവധി മൂഡിലായി സെക്രട്ടറിയേറ്റ് ജീവനക്കാർ.
ഭരണ പ്രതിപക്ഷ സംഘടന നേതാക്കൾ 27 ന് നടക്കുന്ന സെക്രട്ടറിയേറ്റിലെ സൊസൈറ്റി തെരഞ്ഞെടുപ്പിൻ്റെ പ്രചരണത്തിനിറങ്ങി. സ്ഥാനാർത്ഥികൾ വോട്ടു പിടുത്തവുമായി ഇറങ്ങിയതോടെ കോളേജ് അന്തരീക്ഷത്തിലായി സെക്രട്ടറിയേറ്റ്.ഇ ഓഫിസ് പണിമുടക്കിയതോടെ മന്ത്രി ഓഫിസിൻ്റെ പ്രവർത്തനവും മുടങ്ങി.
ഇന്നത്തെ മന്ത്രിസഭ യോഗത്തിന് തയ്യാറെടുക്കേണ്ട ചീഫ് സെക്രട്ടറിക്കും ഓഫിസിനും ആണ് ഇ ഓഫിസ് പണിമുടക്ക് സാരമായി ബാധിച്ചത്. ഒരു ദിവസം 40 ഓളം വകുപ്പുകളിലായി ശരാശരി 2000 ത്തോളം ഫയലുകൾ സെക്രട്ടറിയേറ്റിൽ കൈകാര്യം ചെയ്യുന്നുണ്ട്. പണിമുടക്കിൽ 2000 ഫയലുകളും ഉറങ്ങി.
3 ലക്ഷം ഫയലുകളാണ് സെക്രട്ടറിയേറ്റിൽ കെട്ടി കിടക്കുന്നതെന്ന് മുഖ്യമന്ത്രിയുടെ കീഴിലുള്ള ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് പത്രകുറിപ്പ് ഇറക്കിയിരുന്നു. മാസത്തിൽ ഒരു തവണ എങ്കിലും ഇ ഓഫിസ് പ്രവർത്തന രഹിതം ആകുന്നുണ്ട്. ഒരു ദിവസം സെക്രട്ടറിയേറ്റ് പ്രവർത്തിക്കാൻ വേണ്ടത് 88 ലക്ഷം രൂപയാണ്. ജീവനക്കാർ എത്തിയിട്ടും ഇ ഓഫിസ് പ്രവർത്തന രഹിതമായതോടെ ഇന്നത്തെ 88 ലക്ഷം വെറുതെ പോയി എന്ന് വ്യക്തം.