കലൂർ സ്റ്റേഡിയത്തിലുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഉമാ തോമസ് എംഎൽഎയുടെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു.
ഇന്ന് രാവിലെ പത്തുമണിയോടെ മെഡിക്കൽ ബോർഡ് ചേർന്ന് തുടർ സാഹചര്യം തീരുമാനിക്കും. വെന്‍റിലേറ്ററിൽ നിന്ന് മാറ്റാൻ കഴിയുമോ എന്ന് മെഡിക്കൽ സംഘം നിരീക്ഷിച്ച് വരികയാണ്.
തലച്ചോറിനുണ്ടായ ക്ഷതവും ശ്വാസകോശത്തിനുണ്ടായ പരിക്കും ഗുരുതരമായതിനാൽ അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് ഡോക്ടർമാരുടെ പ്രതികരണം.
ശ്യാസകോശമടക്കമുളള മറ്റ് ആന്തരികാവയവങ്ങൾ സുഖം പ്രാപിക്കുന്ന മുറയ്ക്കേ തലച്ചോറിലെ പരുക്ക് കുറയു എന്നതിനാൽ ആരോഗ്യസ്ഥിതി വീണ്ടെടുക്കാൻ സമയമെടുക്കുമെന്നാണ് നിലവിലെ വിലയിരുത്തൽ.
നടി ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിൽ ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ട് സംഘടിപ്പിച്ച ഭരതനാട്യം നർത്തകരുടെ നൃത്ത സന്ധ്യക്കിടെയാണ് അപകടം ഉണ്ടായത്. പരിപാടി ആരംഭിക്കാനിരിക്കെ കലൂർ സ്റ്റേഡിയത്തിലെത്തിയ എംഎൽഎ മന്ത്രി സജി ചെറിയാനെ അഭിവാദ്യം ചെയ്ത ശേഷം തന്റെ ഇരിപ്പിടത്തിലേക്ക് ഇരിക്കാനായി പോകുമ്പോൾ കാൽ വഴുതി താഴേക്ക് വീഴുകയായിരുന്നു ഉമാ തോമസ്.
അതേസമയം, പരിപാടിയിൽ സുരക്ഷാ വീഴ്ചയുണ്ടായെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ഉറപ്പുള്ള സ്റ്റേജ് ഒരുക്കണമായിരുന്നു. സംഘാടകർ ലാഘവത്തോടെ കൈകാര്യം ചെയ്തു. വേദിക്ക് ബാരിക്കേഡ് കെട്ടേണ്ടതായിരുന്നു. തൻറെ ഗൺമാൻ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. സങ്കടകരമായ അപകടമാണ് എംഎൽഎയ്ക്ക് ഉണ്ടായത്. എട്ടു മിനിറ്റ് കൊണ്ട് പരിപാടി അവസാനിപ്പിച്ചു. ബാക്കിയുള്ള മറ്റു പരിപാടികൾ നടത്തിയില്ല. എന്നു മാത്രമല്ല ഇത്ര വലിയ അപകടമാണെന്ന് അപ്പോൾ തിരിച്ചറിഞ്ഞുമില്ലെന്നും സജി ചെറിയാൻ പറഞ്ഞു.