ഊരാളുങ്കലിന് അനധികൃത സഹായമില്ല; ആരോപണം തള്ളി മന്ത്രി പി.കെ. ബഷീർ

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക് അനുകൂലമായ നിലപാടുമായി സർക്കാർ നിയമസഭയിൽ. പൊതുമരാമത്ത് വകുപ്പിന്റെ പദ്ധതികൾ യാതൊരുവിധ നടപടിക്രമങ്ങളും പാലിക്കാതെയാണ് ഊരാളുങ്കലിന് നൽകിയതെന്ന ആരോപണം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് മന്ത്രി പി.കെ. ബഷീർ നിയമസഭയെ അറിയിച്ചു. സൊസൈറ്റിക്ക് നൽകിയ കരാറുകളുടെ എസ്റ്റിമേറ്റ് തുകകളിൽ ക്രമവിരുദ്ധമായി മാറ്റങ്ങൾ വരുത്തിയതായും കണ്ടെത്തിയിട്ടില്ല.
പ്രതിപക്ഷത്തായിരുന്നപ്പോൾ യു.ഡി.എഫ് ഈ വിഷയത്തിൽ വലിയ ആരോപണങ്ങൾ ഉന്നയിച്ചിരുന്നെങ്കിലും, ഊരാളുങ്കലിന്റേത് മികച്ച നിലവാരമുള്ള പ്രവൃത്തികളാണെന്നും അവർക്ക് വഴിവിട്ട് ഒന്നും നൽകിയിട്ടില്ലെന്നുമാണ് മന്ത്രി ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. ഇതുസംബന്ധിച്ച് വ്യക്തമായ പരാതികൾ ലഭിച്ചാൽ അന്വേഷണം നടത്താൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിയമസഭയിൽ വി.ടി. ബൽറാം എം.എൽ.എ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. മികച്ച പ്രവൃത്തി പരിചയമുള്ളതുകൊണ്ട് തന്നെ എല്ലാവരും ഊരാളുങ്കലിന് പിന്നാലെ പോകുന്നതാണ് നിലവിൽ അവർക്ക് വർക്ക് ലോഡ് കൂടാൻ കാരണമായത്. കഴിഞ്ഞ പത്തു വർഷമായി ഭൂരിഭാഗം പ്രവൃത്തികളും സൊസൈറ്റിക്ക് തന്നെ ലഭിക്കുന്നതിനാൽ ഇതൊരു ‘കുത്തക’യായി മാറുന്നുണ്ടെന്ന നിരീക്ഷണം വി.ടി. ബൽറാം ചൂണ്ടിക്കാണിച്ചു. ഊരാളുങ്കലിന് നൽകുന്ന പ്രവൃത്തികളുടെ എണ്ണം നിജപ്പെടുത്തി ഈ കുത്തക ഒഴിവാക്കുമോ എന്ന ചോദ്യത്തിന്, വിഷയം മുഖ്യമന്ത്രിയുമായി വിശദമായി ചർച്ച ചെയ്ത് ആവശ്യമായ തീരുമാനമെടുക്കുമെന്നാണ് മന്ത്രി പി.കെ. ബഷീർ മറുപടി നൽകിയത്.