കൊല്ലം: കുന്നിക്കോട് നിന്ന് കാണാതായ പതിമൂന്നുകാരി ഫാത്തിമയെ കണ്ടെത്തി. തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പെൺകുട്ടിയെ കണ്ടെത്തിയത്. ഒരു ഫോണിൽ നിന്ന് കുട്ടി തന്നെ രാവിലെ വീട്ടിലേക്ക് വിളിച്ച് വിവരമറിയിക്കുകയായിരുന്നു. ഫാത്തിമയുടെ സഹോദരൻ തിരൂരിലാണ് പഠിക്കുന്നത്. അവിടേക്ക് പോയതാണെന്നാണ് വിവരം.
യാത്രക്കാരിയായ ഒരു സ്‌ത്രീയുടെ ഫോണിൽ നിന്നാണ് മകൾ വിളിച്ചതെന്ന് ഫാത്തിമയുടെ പിതാവ് പറഞ്ഞു. കുട്ടി സുരക്ഷിതയാണെന്നും ആർപിഎഫിനെ വിവരം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുട്ടിയെ തിരികെ വീട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.ഇന്നലെ ഉച്ചയ്‌ക്ക് രണ്ട് മണി മുതലായിരുന്നു കുട്ടിയെ കാണാതായത്.
വൈകിട്ട് ആറരയോടെ കുടുംബം പൊലീസിൽ പരാതി നൽകി. മാതാവ് വഴക്ക് പറഞ്ഞതിലുള്ള മനോവിഷമത്തിലാണ് ഫാത്തിമ വീടുവിട്ടിറങ്ങിയതെന്നാണ് കരുതുന്നത്. ഫാത്തിമ ഒരു സുഹൃത്തിനെ ഫോണിൽ വിളിച്ച് മാതാവ് വഴക്ക് പറഞ്ഞതിനെക്കുറിച്ച് അറിയിച്ചിരുന്നു. കൊല്ലം റെയിൽവേ സ്റ്റേഷൻ അടക്കമുള്ളയിടങ്ങളിൽ പൊലീസും ബന്ധുക്കളും ചേർന്ന് പരിശോധന നടത്തിയിരുന്നു. ഇതിനിടെയാണ് കുട്ടി വീട്ടിൽ വിളിച്ചത്