പ്രിയ അദ്ധ്യാപകരെ അവസാനമായി കാണാനെത്തി ആയിരങ്ങൾ; വാൽപ്പാറ അപകടത്തിൽ മരിച്ചവരുടെ പൊതുദർശനം

മലപ്പുറം: വാൽപ്പാറ വാഹനാപകടത്തിൽ മരിച്ച ഒമ്പതുപേരുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു. തമിഴ്‌നാട് സർക്കാർ ഏർപ്പെടുത്തിയ പ്രത്യേക ആംബുലൻസിലാണ് മൃതദേഹങ്ങൾ എത്തിച്ചത്. പാങ്ങ് അമ്പലപ്പറമ്പ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിൽ ഒരു മണിക്കൂർ പൊതുദർശനത്തിന് ശേഷമായിരിക്കും സ്വവസതികളിലേക്ക് എത്തിക്കുക. അദ്ധ്യാപകർക്ക് വിടനൽകാനായി വിദ്യാർത്ഥികൾ ഉൾപ്പെടെ ആയിരങ്ങളാണ് സ്‌കൂളിലേക്ക് എത്തിച്ചേർന്നിരിക്കുന്നത്. മരിച്ചവർക്ക് അന്ത്യോപചാരമർപ്പിക്കാൻ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി എത്തി.

ഇന്ന് രാവിലെ 6.15ഓടെയാണ് പൊള്ളാച്ചിയിൽ നിന്ന് മൃതദേഹങ്ങളുമായി ആംബുലന്‍സുകള്‍ മലപ്പുറത്തേക്ക് പുറപ്പെട്ടത്. ഇന്നലെ അര്‍ദ്ധരാത്രി 12 മണിയോടെ പൊള്ളാച്ചി ആശുപത്രിയിൽ ആരംഭിച്ച പോസ്റ്റ്‍മോര്‍ട്ടം ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് പൂര്‍ത്തിയായത്.മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ഗവൺമെന്റ് എൽപി സ്‌കൂളിൽ നിന്നുള്ള വിനോദയാത്രാ സംഘം സഞ്ചരിച്ച വാൻ ഇന്നലെ വൈകുന്നേരം 5.20നാണ് വാൽപ്പാറ ചുരം റോഡിൽ 300 അടി താഴ്ചയിലേക്ക് മറിഞ്ഞത്.

കാഴ്ചകൾ കണ്ട് നാട്ടിലേക്ക് മടങ്ങുമ്പോൾ ചുരത്തിലെ പതിമൂന്നാം ഹെയർപിൻ വളവിൽ വാഹനം നിയന്ത്രണം വിട്ട് പലവട്ടം കീഴ്മേൽ മറിഞ്ഞ് ഒമ്പതാം വളവിലേക്ക് വീഴുകയായിരുന്നു. പൊള്ളാച്ചിയിൽനിന്ന് 30 കിലോമീറ്റർ അകലെയാണ് അപകടമുണ്ടായ സ്ഥലം. പെരിന്തൽമണ്ണയിൽ നിന്ന് വാടകയ്ക്കെടുത്ത ടൂറിസ്റ്റ് വാനിലാണ് ഡ്രൈവർ ഉൾപ്പെടെ 13പേർ യാത്ര പോയത്.ഏഴ് സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടെ ഒമ്പതുപേരാണ് അപകടത്തിൽ മരിച്ചത്.

പള്ളിപ്പറമ്പ് ഗവ.എൽപി സ്‌കൂളിലെ പ്രധാനാദ്ധ്യാപിക പി അജിത (54), അദ്ധ്യാപികമാരായ റംലത്ത് (52), സുഹറ (43), ആശ (41), അദ്ധ്യാപകനായ അബ്ദുൽ മജീദ് (43), മജീദിന്റെ ഭാര്യ റുഖിയ (39), സ്‌കൂളിലെ പാചക തൊഴിലാളി സാജിത (45), സുഹറയുടെ മകൻ ഹിഷാം (12), സമീപത്തെ സ്‌കൂളായ ജിയുപിയിലെ അദ്ധ്യാപിക ഷക്കീന (37) എന്നിവരാണ് മരിച്ചത്. കാഴ്ച പരിമിതിയുള്ള അബ്ദുൽ മജീദിന് കൂട്ടുപോയതായിരുന്നു അദ്ദേഹത്തിന്റെ ഭാര്യ റുഖിയ. ഷക്കീന അടുത്തിടെയാണ് എൽപി സ്‌കൂളിൽ നിന്ന് യുപി സ്കൂളിലേക്ക് മാറിയത്.

താൻ ഏറെനാൾ ജോലി ചെയ്‌ത സ്‌കൂളിലെ വിനോദയാത്രയിൽ അവർ ഒപ്പം കൂടുകയായിരുന്നു.പൊതുദര്‍ശനത്തിനുശേഷം വ്യത്യസ്ത മഹല്ലുകളിലെ ഖബർസ്ഥാനിലാണ് ഖബറടക്കം നടക്കുക. മാട്ടാത്ത് മഹല്ലിൽ മജീദ്, റുഖിയ എന്നിവരെ ഖബറടക്കും. പാങ്ങ് ജുമാ മസ്ജിദ് ഖബ്ർ സ്ഥാനിൽ റംല, സാജിദ, ഷക്കീല എന്നിവരെ ഖബറടക്കും. ഈസ്റ്റ് പാങ് മസ്ജിദ് ഖബ്ർ സ്ഥാനിൽ സുഹറ, മകൻ ഹിഷാം എന്നിവരെ ഖബറടക്കും. പൊതുദര്‍ശനത്തിനുശേഷം അജിതയുടെ മൃതദേഹം പുലാമന്തോളിലെ വീട്ടിലേക്കും, ആശയുടെ മൃതദേഹം കൊളത്തൂരിലെ വീട്ടിലേക്കും കൊണ്ടു പോകും.