എടപ്പാൾ: മലപ്പുറം ചങ്ങരംകുളത്ത് ലഹരി മാഫിയയുടെ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. മദ്യ മാഫിയക്കെതിരെ പ്രതികരിക്കുകയും പൊലീസില്‍ വിവരം നല്‍കുകയും ചെയ്തതിന്‍റെ വിരോധത്തിലാണ് മാരകായുധങ്ങളുമായെത്തിയ സംഘം നാട്ടിൽ അക്രമണം അഴിച്ചുവിട്ടത്. കേസില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു ആക്രമണം. പൊലീസിൽ ഒറ്റുകൊടുക്കാൻ ആർക്കാണ് ധൈര്യമെന്ന് ആക്രോശിച്ചായിരുന്നു ആക്രമണം.
തിങ്കളാഴ്ച രാത്രി പത്തുമണിയോടെ ആൾക്കൂട്ടത്തിലേക്ക് വാഹനം ഇടിച്ചു കയറ്റിയതിന് ശേഷമാണ് ലഹരി സംഘം ആക്രമണം അഴിച്ചുവിട്ടത്. വടിവാളും ഇരുമ്പുവടികളും ഉൾപ്പടെയുളള മാരകായുധങ്ങൾ ഉപയോഗിച്ചായിരുന്നു ആക്രമണം. ഉദിൻപറമ്പ് സ്വദേശികളായ സുബൈർ, റാഫി, ലബീബ് എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. കോൺഗ്രസ് പ്രവര്‍ത്തകനായ സുബൈറിനെ വാൾ കൊണ്ട് തലക്ക് വെട്ടിയാണ് മുറിവേൽപ്പിച്ചത്.
തടഞ്ഞ റാഫിയെ ഇരുമ്പ് വടി കൊണ്ട് അക്രമികൾ അടിച്ചു. സ്ഥലത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങളും അക്രമി സംഘം തല്ലി തകർത്തു. ചങ്ങരംകുളത്ത് അക്രമം നടത്തി മടങ്ങിയ സംഘത്തിന്‍റെ വാഹനം ലബീബിനെ ഇടിച്ച് തെറിപ്പിച്ചു. പരിക്കേറ്റ മൂന്നുപേരും ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ കുന്നംകുളം സ്വദേശികളായ ബാദുഷ, മണി കണ്ഠൻ, ചാവക്കാട് സ്വദേശി നിജിത് എന്നിവരെയാണ് ചങ്ങരംകുളം പൊലീസ് പിടികൂടിയത്. പ്രദേശത്ത് ലഹരി മാഫിയ സംഘത്തിന്റെ അഴിഞ്ഞാട്ടം മുമ്പും ഉണ്ടായിട്ടുണ്ടെന്നും നാട്ടുകാർ പറഞ്ഞു