തൃശൂര്‍ സുരേഷ് ഗോപി ഏതാണ്ട് ഉറപ്പിച്ചു: എല്‍ഡിഎഫിലെ ‘ശക്തനെ’ കണ്ടെത്തി സോഷ്യല്‍ മീഡിയ

തൃശൂര്‍: ലോക്സഭാ തിരഞ്ഞെടുപ്പിന് തിയതി കുറിക്കും മുമ്പേ, ‘തൃശൂര്‍ ലോക്സഭാ മണ്ഡലം അങ്കത്തട്ടില്‍’ ചേകവന്മാരെ ഇറക്കി സോഷ്യല്‍ മീഡിയയില്‍ അങ്കം തുടങ്ങി. യു.ഡി.എഫും എല്‍.ഡി.എഫും എന്‍.ഡി.എയും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലേക്ക് കടന്നിട്ടില്ലെങ്കിലും മൂന്ന് സ്ഥാനാര്‍ത്ഥികളെയും സൈബര്‍ യോദ്ധാക്കള്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. യു.ഡി.എഫിന്റെ ടി.എന്‍.പ്രതാപനും എന്‍.ഡി.എയുടെ സുരേഷ് ഗോപിയും ഏതാണ്ട് ഉറപ്പായ സ്ഥാനാര്‍ത്ഥികളാണ്. എല്‍.ഡി.എഫില്‍ സി.പി.ഐയിലെ വി.എസ്.സുനില്‍ കുമാറിന് നറുക്ക് വീഴാനാണ് സാദ്ധ്യതകളേറെ. കെ.പി.രാജേന്ദ്രന്റെ പേരും നേരത്തെ ഉയര്‍ന്നിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡീയ ഇതിനോടകം സുനില്‍കുമാറിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് വെല്ലുവിളികളും അവകാശവാദങ്ങളും തുടങ്ങിക്കഴിഞ്ഞു.
പ്രധാനമന്ത്രിയുടെ തൃശൂരിലെ റോഡ് ഷോയില്‍ പാര്‍ട്ടി ഭാരവാഹിത്വം ഇല്ലാതിരുന്നിട്ടും വാഹനത്തില്‍ സ്ഥാനം ലഭിച്ചതോടെ സുരേഷ് ഗോപിയുടെ സ്ഥാനാര്‍ത്ഥിത്വം ഏതാണ്ട് ഉറപ്പായ മട്ടാണ്. മഹിളാ മോര്‍ച്ചയുടെ മഹിളാ സമ്മേളനത്തില്‍ പ്രധാനമന്ത്രി പങ്കെടുത്ത് പോയതിന് പിന്നാലെയാണ് സോഷ്യല്‍ മീഡീയയില്‍ തിരഞ്ഞെടുപ്പിന്റെ അങ്കത്തട്ട് സജീവമായത്. അതുവരെയും പ്രതാപനും സുരേഷ് ഗോപി അനുകൂലികളുമാണ് നിറഞ്ഞിരുന്നതെങ്കില്‍ ഇപ്പോള്‍ സുനില്‍ കുമാറിന്റെ സൈബറിടവും സജീവമാണ്. ഇതിനിടെ തൃശൂരില്‍ മത്സരം കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലാണെന്ന് ടി.എന്‍.പ്രതാപന്‍ എം.പി പ്രസ്താവിച്ചതോടെ അതില്‍ കൊണ്ടുപിടിച്ച് ചര്‍ച്ചയും മുറുകി.
ആരങ്ങെടുക്കും തൃശൂരിനെ
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനിടെ തൃശൂരില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപി തേക്കിന്‍കാട് മൈതാനിയില്‍ നടന്ന സമ്മേളനത്തില്‍ ‘ തൃശൂര്‍ ഞാനങ്ങെടുക്കുകയാ.ഡയലോഗിനെ ചുറ്റിപ്പറ്റിയാണ് ഇപ്പോഴും പ്രചരണവും പോരും. തൃശൂര്‍ ആര്‍ക്കും വിട്ടുകൊടുക്കില്ലെന്ന പ്രഖ്യാപനവുമായി എല്‍.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും സൈബര്‍ പോരാളികളും രംഗത്തുണ്ട്. ഇതിനനുസരിച്ചുള്ള ഡയലോഗും റീലുമായാണ് രംഗത്തിറങ്ങിയിരിക്കുന്നത്. മൂന്ന് മുന്നണികളുടെയും പോരാളികള്‍ കളം നിറഞ്ഞുകഴിഞ്ഞു. ടി.എന്‍.പ്രതാപന്‍, സുരേഷ് ഗോപി, വി.എസ്.സുനില്‍ കുമാര്‍ എന്നീ മൂന്ന് പേരുകളേ ചര്‍ച്ചയിലുള്ളൂ. മൂന്ന് പേരുടെയും വീരേതിഹാസ കഥകള്‍ പ്രചരിപ്പിക്കുകയാണ് സൈബര്‍ പാണന്മാര്‍. പാര്‍ട്ടികളെയെല്ലാം അപ്രസക്തരാക്കി മൂന്ന് സ്ഥാനാര്‍ത്ഥികളും സൈബര്‍ലോകം കീഴടക്കുമ്പോള്‍ രാഷ്ട്രീയപാര്‍ട്ടി നേതൃത്വത്തിനും തലവേദനയുണ്ട്. ഈ ചര്‍ച്ചകളെല്ലാം കാടുകേറി പാര്‍ട്ടിക്ക് തന്നെ തിരിഞ്ഞുകൊത്തുമോയെന്ന്.
ട്വിസ്റ്റ് പ്രതാപന്റെ പ്രസ്താവനയില്‍
തൃശൂരില്‍ മത്സരം ബി.ജെ.പിയും കോണ്‍ഗ്രസുമായിട്ടാണെന്ന ടി.എന്‍.പ്രതാപന്‍ എം.പിയുടെ അഭിപ്രായ പ്രകടനത്തില്‍ തൂങ്ങിയാണ് പുതിയ രാഷ്ട്രീയ വിവാദം. ഇതിനെ വിമര്‍ശിച്ചാണ് ഇടതുപക്ഷത്ത് നിന്ന് സി.പി.ഐ നേതാവ് മന്ത്രി കെ.രാജന്‍ കളത്തിലിറങ്ങുന്നത്. പ്രതാപന്റെ പ്രസ്താവന ബി.ജെ.പിയെ
സഹായിക്കാനാണെന്നാണ് മന്ത്രി കെ.രാജന്റെ ആരോപണം. എല്‍.ഡി.എഫ് അപ്രസക്തമാണെന്ന തരത്തില്‍ പ്രചരണം നടത്താനുള്ള ആയുധം പ്രതാപന്‍ നല്‍കുകയായിരുന്നുവെന്നും രാജന്‍ പറയുന്നു. അതേസമയം ബി.ജെ.പിയെ സംബന്ധിച്ച് പ്രസ്താവന രാഷ്ടീയ നേട്ടമായി. കഴിഞ്ഞതിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി മൂന്നാം സ്ഥാനത്തായിരുന്നു. അന്നും കോണ്‍ഗ്രസ് പറഞ്ഞിരുന്നത് എല്‍.ഡി.എഫുമായിട്ടാണ് പ്രധാനമത്സരമെന്നായിരുന്നു.