ഒരു പെണ്‍കുട്ടിയെ കുറേ ആണുങ്ങള്‍ ചേര്‍ന്ന് മര്‍ദിക്കുന്നത് അപലപനീയം , സി.പി.എമ്മിന്റെ നവോത്ഥാന മൂല്യങ്ങളാണ് കണ്ടതെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍

തിരുവനന്തപുരം: ലോ കോളജില്‍ കെ.എസ്.യു വനിതാ നേതാവിന് ക്രൂരമര്‍ദ്ദനം ഏല്‍ക്കേണ്ടി വന്ന സംഭവത്തില്‍ സി.പി.എമ്മിനും എസ്.എഫ്.ഐയ്ക്കുമെതിരെ രൂക്ഷ വിര്‍ശനവുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍. ഒരു പെണ്‍കുട്ടിയെ കുറേ ആണുങ്ങള്‍ ചേര്‍ന്ന് ഇങ്ങനെ മര്‍ദിക്കുന്നത് അപലപനീയമാണെന്ന് അദേഹം പറഞ്ഞു.
പരിഷ്‌കൃത സമൂഹത്തിന് അപമാനകരമായ ദൃശ്യങ്ങളാണ് തിരുവനന്തപുരം ലോ കോളേജില്‍ നിന്ന് പുറത്തുവരുന്നത്.എസ്.എഫ്.ഐയുടെയും സി.പി.എമ്മിന്റെയും നവോത്ഥാന മൂല്യങ്ങളാണ് വനിതാനേതാവിനെ ആക്രമിച്ചതിലൂടെ കേരളം കണ്ടതെന്ന് വി മുരളീധരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനത്തായിരുന്നു ഒരു പെണ്‍കുട്ടിയെ ഇങ്ങനെ വലിച്ചിഴച്ചതെങ്കില്‍ കേരളത്തിലെ ബുദ്ധിജീവികളും മാധ്യമങ്ങളും ഉണ്ടാക്കുമായിരുന്ന കോലാഹലം എന്തായിരുന്നുവെന്നും അദേഹം ചോദിക്കുന്നു.
എതിര്‍ രാഷ്ര്ടീയപാര്‍ട്ടി പ്രവര്‍ത്തകരെ സി.പി.എം ഇല്ലായ്മ ചെയ്യുന്നു എന്ന യോഗി ആദിത്യനാഥിന്റെ പ്രസ്താവന മഹാ അപരാധമെന്ന് ഇനിയും വി.ഡി സതീശന് അഭിപ്രായമുണ്ടോ ? അതോ ഇക്കാര്യത്തിലും സഹകരണാത്മക പ്രതിപക്ഷത്തിന് മൗനമാണോ ? എന്നും ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ വി മുരളീധരന്‍ ചോദിക്കുന്നു.സഫ്‌നയെ വളഞ്ഞിട്ട് ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പങ്കുവച്ചാണ് കേന്ദ്രമന്ത്രി വി മുരളീധരന്‍ വിമര്‍ശനം ഉന്നയിച്ചത്.