സന്നിധാനം: ശബരിമലയിൽ പൊലീസും ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരും നന്നായി പ്രവർത്തിക്കുന്നുവെന്ന് ബിജെപി നേതാവ് വി മുരളീധരൻ. ശബരിമലയിൽ ദർശനത്തിനെത്തിയ അദ്ദേഹം സംസ്ഥാനത്ത് കോൺഗ്രസിന് ഇനി ഭരണം കിട്ടില്ലെന്ന് പറഞ്ഞ അദ്ദേഹം എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ്റെ വാക്കുകൾ വളച്ചൊടിച്ചുവെന്നും കുറ്റപ്പെടുത്തി.
രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാവണം എന്നല്ല വെള്ളാപ്പള്ളി നടേശൻ പറഞ്ഞതെന്ന് വി മുരളീധരൻ പറഞ്ഞു. കോൺഗ്രസിന് ഭരണം ലഭിച്ചാൽ ചെന്നിത്തല മുഖ്യമന്ത്രിയായാൽ കൊള്ളാം എന്നാണ് വെള്ളാപ്പള്ളി നടേശൻ പറഞ്ഞത്. പക്ഷെ കോൺഗ്രസിന് സംസ്ഥാനത്ത് ഭരണം കിട്ടില്ല.
ശബരിമലയിൽ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് ഇനിയും കാര്യങ്ങൾ ചെയ്യാനുണ്ട്. ശബരിമല മാസ്റ്റർ പ്ലാൻ നടപ്പാക്കിയാൽ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. ബിജെപിയിൽ പുനഃസംഘടന ഉണ്ടാകുന്നത് സ്വാഭാവിക നടപടിയാണ്. തെരഞ്ഞെടുപ്പ് കമ്മീഷനെ അംഗീകരിച്ചു കൊണ്ടാണ് ബിജെപി പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.