സില്‍വര്‍ലൈന്‍ കല്ലിട്ട ഭൂമിയില്‍ വായ്പ നിഷേധിക്കില്ല;മൂവാറ്റുപുഴയില്‍ അജേഷിന്റെ വീട് ജപ്തി ചെയ്ത് കുടുംബത്തെ ഇറക്കി വിട്ട സംഭവത്തില്‍ വിശദീകരണം തേടി: മന്ത്രി വിഎന്‍. വാസവന്‍

തിരുവനന്തപുരം: സില്‍വര്‍ലൈനിന് വേണ്ടി കല്ലിട ഭൂമിയില്‍ വായ്പ നിഷേധിക്കുന്ന നിലപാട് സഹകരണബാങ്കുകള്‍ സ്വീകരിക്കില്ലെന്ന് മന്ത്രി വി.എന്‍. വാസവന്‍. സാമൂഹിക ആഘാത പഠനത്തിനായി കല്ലിട്ടാല്‍ വായ്പയ്ക്ക് ഈടായി ഭൂമി സ്വീകരിക്കില്ലെന്ന നിലപാട് സഹകരണ ബാങ്കുകള്‍ സ്വീകരിക്കില്ലെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ അറിയിച്ചു. സഹകരണ ബാങ്കുകളില്‍ ഇത്തരം ഭൂമി ഈടായി നല്‍കുയാണെങ്കില്‍ നിഷേധിക്കരുതെന്ന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മൂവാറ്റുപുഴയിലെ ജപ്തിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വിശദീകരണം തേടിയിട്ടുണ്ട്. അര്‍ബന്‍ ബാങ്കുകളുടെ ബാങ്കിംഗ് ഇടപാടുകളിലെ നിയന്ത്രണം റിസര്‍വ് ബാങ്കിനാണ്. പകരം താമസസൗകര്യം ഒരുക്കാതെ ജപ്തിനടപടികള്‍ പാടില്ലെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
സാമൂഹിക ആഘാത പഠനത്തിനായി കല്ലിട്ട ഭൂമി ഈടായി സ്വീകരിക്കാത്തതുമായി ഉണ്ടായ രണ്ട് സംഭവങ്ങളിലും പ്രശ്നം പരിഹരിച്ചിട്ടുണ്ട്. ഇപ്പോള്‍ കല്ലിടുന്നത് സാമൂഹികാഘാത പഠനത്തിനാണ് ഭൂമി ഏറ്റെടുക്കണമെങ്കില്‍ ഇനിയൂം നിരവധി കടമ്പകള്‍ കടക്കേണ്ടതുണ്ട്. പാരിസ്ഥിതി ആഘാതപഠനം ഉള്‍പ്പെടെ പൂര്‍ത്തിയായശേഷമേ അന്തിമ അലൈന്‍മെന്റ് തീരുമാനിക്കുകയുള്ളു. അതിനുശേഷമാണ് ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ആരംഭിക്കുക. അത്തരത്തില്‍ ഏറ്റെടുക്കുകയാണെങ്കിലും നാലിരട്ടി വില ലഭിക്കും. അപ്പോള്‍ തന്നെ ബാങ്കുകളുടെ ഇടപാടുകള്‍ തീര്‍ക്കാനുമാകും. അത്തരം പ്രദേശങ്ങളിലെ ഭൂമി ഈടായി വാങ്ങിയാല്‍ ബാങ്കുകള്‍ക്ക് കൂടുതല്‍ ഉറപ്പ് ലഭിക്കുകയാണ് ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.
സാധാരണക്കാരുടെ കിടപ്പാടം ജപ്തി ചെയ്യുന്ന നടപടി ഒഴിവാക്കണമെന്ന് സഹകരണ ബാങ്കുകള്‍ക്ക് നേരത്തെ തന്നെ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജപ്തിയുടെ സാഹചര്യമുണ്ടായാല്‍ താമസിക്കാന്‍ മറ്റൊരു സ്ഥലം കണ്ടെത്തിയ ശേഷമേ നടപടി സ്വീകരിക്കാവൂവെന്നാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.
മൂവാറ്റുപുഴ അര്‍ബന്‍ സഹകരണ സംഘത്തിലുണ്ടായ സംഭവത്തിന്റെ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് പരിശോധന നടത്തും. അര്‍ബന്‍ ബാങ്കുകളില്‍ ഭരണപരമായ കാര്യങ്ങളില്‍ മാത്രമാണ് കോ ഓപ്പറേറ്റീവ് രജിസ്ട്രാര്‍ക്ക് ചുമതലയുള്ളൂ. ബാങ്കിംഗ് ഇടപാടുകള്‍ റിസര്‍വ്വ് ബാങ്കിനാണ് നിയന്ത്രണം. അതുകൊണ്ടു തന്നെ ആര്‍.ബി.ഐ ചട്ടങ്ങള്‍ അനുസരിച്ചാണ് മൂവാറ്റുപുഴ നടപടി സ്വീകരിച്ചത്. സര്‍ഫാസി നിയമം ബാധമാക്കിയായിരുന്നു നടപടി. പലതവണ നിയമപരമായി ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോഴും വായ്പക്കാരനെ ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ നടപടിയെടുത്ത്. വായ്പക്കാരന്‍ ചികിത്സയിലാണെന്ന് അറിഞ്ഞപ്പോള്‍ തന്നെ താക്കോല്‍ മടക്കി നല്‍കാന്‍ നിര്‍ദ്ദേശം നല്‍കുകയും മടക്കി നല്‍കുകയും ചെയ്തതായി ബാങ്ക് പ്രസിഡന്റ് അറിയിച്ചു. പ്രാഥമിക വിവരം ശേഖരിച്ചപ്പോഴാണ് ഇക്കാര്യങ്ങള്‍ അറിഞ്ഞത്. വിശദമായ റിപ്പോര്‍ട്ട് കിട്ടിയ ശേഷം പരിശോധിച്ചു നടപടി സ്വീകരിക്കുമെന്നും മന്ത്രി വിശദീകരിച്ചു.