പി.സി ജോർജിന്‍റേത് വെള്ളത്തിന് തീ പിടിപ്പിക്കുന്ന പ്രസ്താവന; വി ഡി സതീശൻ

തിരുവനന്തപുരം; മുന്‍ എംഎല്‍എ പി.സി ജോര്‍ജിന്റെ വിവാദ പരാമര്‍ശത്തെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പി സി ജോര്‍ജിന്റേത് വെള്ളത്തിന് തീ പിടിപ്പിക്കുന്ന പ്രസ്താവനയാണ്. വര്‍ഗീയത ആളിക്കത്തിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. പിസി ജോര്‍ജ് ആര്‍ക്കു വേണ്ടിയാണ്, എന്തിനു വേണ്ടിയാണ് ഇത്തരമൊരു പ്രസ്താവന പറഞ്ഞിരിക്കുന്നതെന്ന് വ്യക്തമല്ല. എന്നാല്‍ കരുതലോടുകൂടി, മുന്‍കൂട്ടി തയ്യാറാക്കിയ പ്രസ്താവനയാണിതെന്ന് കേട്ടാല്‍ മനസ്സിലാകുമെന്ന് വിഡി സതീശന്‍ പറഞ്ഞു. ഇതിനെതിരെ ശക്തമായ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സില്‍വര്‍ ലൈനിനെ യുഡിഎഫ് ശക്തമായി എതിര്‍ക്കും. സംസ്ഥാനത്തിന്റെ സാമ്പത്തികനില മുഴുവന്‍ തകര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ നിലവിലെ സാമ്പത്തിക നില വ്യക്തമാക്കുന്ന ധവളപത്രം പുറപ്പെടുവിക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സര്‍വേ കല്ലുകള്‍ പിഴുതെറിയാന്‍ കാനം രാജേന്ദ്രന്റെ പാര്‍ട്ടിക്കാര്‍ തങ്ങളോടെപ്പം ഉണ്ട്. അദ്ദേഹം ഇക്കാര്യം സ്വന്തം പാര്‍ട്ടിക്കാരോട് പറയട്ടെയെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

ഗുജറാത്തില്‍ നടക്കുന്ന തിരഞ്ഞെടുപ്പിന് മാന്യതയുടെ മുഖം നല്‍കാന്‍ വേണ്ടിയാണ് ചീഫ് സെക്രട്ടറിയെ ഗുജറാത്തില്‍ അയച്ചത്. ഇത് ബി.ജെ.പിയും സിപിഎമ്മും നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ്. സിപിഎം -സംഘപരിവാര്‍ നേതാക്കന്മാര്‍ തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന്റെ ഏറ്റവും പുതിയ അടയാളമാണ് ചീഫ് സെക്രട്ടറിയുടെ ഗുജറാത്ത് സന്ദര്‍ശനം. കേരള മോഡലിനെ കുറിച്ച് അഭിമാനിച്ചിരുന്ന സിപിഎം നേതാക്കന്മാര്‍ ഇപ്പോള്‍ ഗുജറാത്ത് മോഡലിനെ കുറിച്ച് അഭിമാനിക്കുന്നത് വളരെ വിചിത്രമാണെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *