പാലക്കാട്: എറണാകുളം മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയെന്ന കേസില്‍ പിടിയിലായ മുന്‍ എസ്.എഫ്.ഐ നേതാവ് കെ.വിദ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി. പുലര്‍ച്ചെയോടെ പാലക്കാട്ടെത്തിച്ചശേഷമായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. 11 മണിയോടെ മണ്ണാര്‍ക്കാട് കോടതില്‍ ഹാജരാക്കും.
അറസ്റ്റിലായ വിദ്യ പൊലീസിന് നല്കിയ മൊഴി പുറത്തുവന്നിട്ടുണ്ട്. പഠനത്തില്‍ മിടുക്കിയായ തനിക്ക് വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ല. അത്തരത്തിലൊന്ന് താന്‍ ഒരിടത്തും നല്‍കിയിട്ടില്ല.
രാഷ്ട്രീയ വൈരാഗ്യംമൂലം തന്നെ മനഃപൂര്‍വം കരുവാക്കുകയായിരുന്നു. കോണ്‍ഗ്രസ് അനുകൂല അദ്ധ്യാപക സംഘടനയാണ് ഇതിന് പിന്നില്‍ എന്നാണ് വിദ്യ മൊഴി നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്.കണ്ടെത്താന്‍ കഴിയുന്നില്ലെന്ന് പറഞ്ഞ് കൈമലര്‍ത്തിയ പൊലീസ് മഹാരാജാസിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ സുഹൃത്തിന്റെ കോഴിക്കോട് പേരാമ്പ്ര കുട്ടോത്ത് വീട്ടില്‍ നിന്നാണ് ഇന്നലെ വിദ്യയെ പിടികൂടിയത്.
കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഒളിവില്‍ പോയ വിദ്യയെ പതിനഞ്ചുദിവസങ്ങള്‍ക്കുശേഷമാണ് പിടികൂടാനായത്. ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായതെന്ന് പൊലീസ് പറയുന്നു. മേപ്പയൂരില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെ മലപ്പുറം അതിര്‍ത്തിയായ പേരാമ്പ്രയ്ക്ക് സമീപം കുട്ടോത്ത് സുഹൃത്തിന്റെ വീട്ടിലായിരുന്നുവിദ്യ. ഇവിടെ നിന്ന് പുറത്തേക്ക് വന്ന സമയത്താണ് കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. വിദ്യയുടെ രണ്ട് മൊബൈലുകളും സ്വിച്ച് ഓഫായിരുന്നു. ഒളിവില്‍ കഴിയുമ്പോഴും എറണാകുളം, കോഴിക്കോട് മേഖലകളില്‍ വിദ്യ എത്തിയിരുന്നു
പാലക്കാട് അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയല്‍ കോളേജിലെ മലയാളം ഗസ്റ്റ് ലക്ചറര്‍ തസ്തികയില്‍ നിയമനത്തിന് എറണാകുളം മഹാരാജാസ് കോളേജിന്റെ പേരിലുള്ള വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്നാണ് കേസ്. പാലക്കാട് അഗളി പൊലീസും കാസര്‍കോട് നീലേശ്വരം പൊലീസും രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ വിദ്യ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി അടുത്ത ആഴ്ചയിലേക്കു മാറ്റിയിരുന്നു