തിരുവനന്തപുരം: നടി ഹണി റോസ് നൽകിയ ലൈംഗികാധിക്ഷേപ പരാതിയിൽ അറസ്റ്റിലായിരുന്ന വ്യവസായി ബോബി ചെമ്മണ്ണൂരിന് കാക്കാനാട്ടെ ജയിലിൽ വിഐപി പരിഗണന നൽകിയ സംഭവത്തിൽ ജയിൽ വകുപ്പിലെ മധ്യമേഖല ഡിഐജി പി അജയകുമാറിനെ ശാസിച്ച് ജയിൽ മേധാവിയായ എഡിജിപി. ഉദ്യോഗസ്ഥ തല യോഗത്തിലാണ് ശാസന. ജയിൽ സൂപ്രണ്ടിന്റെ ക്വാര്‍ട്ടേഴ്സിലെ മദ്യപാന പരാതി അന്വേഷിക്കാൻ പോയതാണെന്നും ഡിഐജി അജയകുമാര്‍ വിശദീകരിച്ചു. എന്നാൽ, സ്വകാര്യ വാഹനത്തിൽ സ്ത്രീകള്‍ക്കൊപ്പമാണോ കേസ് അന്വേഷണത്തിന് പോയതെന്ന് എഡിജിപി യോഗത്തിൽ ചോദിച്ചു.
ബന്ധുക്കള്‍ക്കൊപ്പം യാത്ര ചെയ്തപ്പോള്‍ ഒപ്പമുണ്ടായിരുന്നവര്‍ ടോയ്ലറ്റ് ഉപയോഗിക്കാൻ കയറിയതാണെന്നായിരുന്നു ഡിഐജി ഇതിന് നൽകിയ മറുപടി. തുടര്‍ന്ന് അസംബന്ധം വിളമ്പരുതെന്നും എല്ലാ തെളിവുകളും ഉണ്ടെന്നും ജയിൽ മേധാവിയായ എഡിജിപി ബല്‍റാം കുമാര്‍ ഉപാധ്യായ മറ്റ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഡിഐജിയെ പരസ്യമായി ശാസിച്ചു. കാക്കാനാട്ടെ എറണാകുളം ജില്ലാ ജയിലിലെത്തിയാണ് മധ്യമേഖല ഡിഐജി അജയകുമാര്‍ ബോബി ചെമ്മണ്ണൂരിനെ കണ്ടത്. സംഭവത്തിൽ മുഖ്യമന്ത്രിക്ക് ജയിൽ മേധാവി നാളെ റിപ്പോര്‍ട്ട് നൽകും.
ലൈംഗിക അധിക്ഷേപ കേസിൽ റിമാന്‍ഡിലിരിക്കെ ബോബി ചെമ്മണ്ണൂരിന് ജയിലിൽ വിഐപി പരിഗണന നൽകിയെന്ന പരാതിയിൽ ഉന്നതതല അന്വേഷണം ആരംഭിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്നാണ് അടിയന്തര അന്വേഷണം ജയിൽ വകുപ്പ് ആരംഭിച്ചത്. ജയിൽ മേധാവിയുടെ നിര്‍ദേശ പ്രകാരം തിരുവനന്തപുരത്തെ ജയിൽ ആസ്ഥാനത്തെ ഡിഐജി വിനോദ് കുമാര്‍ ആണ് കാക്കനാട്ടെ ജയിലിലെത്തി അന്വേഷണം നടത്തിയത്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ജയിൽ മേധാവിക്ക് കൈമാറുകയായിരുന്നു.