‘നമ്മൾ ഇത്രയും പിടിച്ചുനിന്നില്ലേ, ലോകം മുഴുവൻ ഒന്ന് അന്വേഷിച്ചു നോക്കൂ’; പാചകവാതക വില വർദ്ധനയിൽ സുരേഷ് ഗോപി

കോട്ടയം: വാണിജ്യ പാചകവാതക വില വർദ്ധനയിൽ പ്രതികരിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. പാചക വാതകത്തിന് ലോകം മുഴുവനുമുള്ള വില ഒന്ന് അന്വേഷിച്ചു നോക്കൂ എന്ന് സുരേഷ് ഗോപി പറഞ്ഞു. കോട്ടയത്ത് ഒരു പരിപാടിയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് സുരേഷ് ഗോപിയുടെ പ്രതികരണം.

ലോകം മുഴുവൻ ഒന്ന് അന്വേഷിക്കൂ, എവിടെയൊക്കെ എത്ര കൂടിയെന്ന്. നമ്മൾ ഇത്രയും പിടിച്ചുനിന്നില്ലേ. വാണിജ്യ സിലിണ്ടർ വെറുതെ ഒരു നമ്പർ അല്ലായിരുന്നോ?-സുരേഷ് ഗോപി പറഞ്ഞു. ഇന്ധന വില വർദ്ധനവുണ്ടാകുമോ എന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അദ്ദേഹം മറുപടി നൽകിയിട്ടില്ല.വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില ഒറ്റയടിക്ക് 993 രൂപയാണ് വർദ്ധിപ്പിച്ചത്. ഇത്ര വലിയ തുക ഒറ്റത്തവണ കൂടുന്നത് ഇതാദ്യമായാണ്.

ഇതോടെ സിലിണ്ടർ വില 3000 രൂപ കടന്നു. കേരളം, ബംഗാൾ, അസാം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് ഇടിത്തീ പോലെ എൽപിജി സിലിണ്ടർ വില കൂടിയത്. വില വർദ്ധന നിലവിൽ വന്നതോടെ ഡൽഹിയിൽ വാണിജ്യ എൽപിജി സിലിണ്ടറിന്റെ പുതിയ വില 3,071.50 രൂപയാണ്. ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്നും ദേശീയ തലസ്ഥാനത്ത് 14.2 കിലോഗ്രാം സിലിണ്ടറിന് 913 രൂപയാണ്. തിരുവനന്തപുരത്ത് 19 കിലോഗ്രാം സിലിണ്ടറിന് 3106 രൂപയും കൊച്ചിയിൽ 3085 രൂപയുമാണ്.