തൃശൂർ: ഉറങ്ങുന്നതിനിടെ സമീപം വച്ചിരുന്ന ഫോൺ പൊട്ടിത്തെറിച്ചു. ചാവക്കാട് ഒരുമനയൂർ മൂന്നാംകല്ലിൽ പാറാട്ട് കാസിമിന്റെ വീട്ടിൽ ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് സംഭവമുണ്ടായത്. കാസിമിന്റെ മകൻ മുഹമ്മദ് ഫഹീമിന്റെ ഫോണാണ് പൊട്ടിത്തെറിച്ചത്. തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്.വലിയ ശബ്ദം കേട്ട് ഉറക്കത്തിൽ നിന്ന് ഞെട്ടിയുണർന്ന ഫഹീം എഴുന്നേറ്റ് നോക്കിയപ്പോൾ മുറിയിൽ പുക നിറഞ്ഞിരിക്കുന്നതാണ്ക ണ്ടത്.
ശബ്ദം കേട്ട് വീട്ടിലുണ്ടായിരുന്നവരും മുറിയിലെത്തി. പിന്നീട് വെള്ളം ഒഴിച്ചാണ് തീ അണച്ചത്. കിടക്ക ഭാഗികമായി കത്തിയ നിലയിലാണുള്ളത്. റെഡ്മി കമ്പനിയുടെ ഫോൺ ആണ് പൊട്ടിത്തെറിച്ചത്. എന്നാൽ, എന്തുകൊണ്ടാണ് ഫോൺ പൊട്ടിത്തെറിച്ചത് എന്നതിന്റെ കാരണം വ്യക്തമല്ല. ഇതിന് മുമ്പും തൃശൂരിൽ സമാനമായ സംഭവം ഉണ്ടായിട്ടുണ്ട്.
മരോട്ടിച്ചാൽ സ്വദേശി ഏലിയാസിന്റെ (70) ഫോൺ ആണ് പൊട്ടിത്തെറിച്ചത്. രാവിലെ ഹോട്ടലിലിരുന്ന് ചായ കുടിക്കുന്നതിനിടെ പോക്കറ്റിൽ കിടന്ന ഫോൺ പൊട്ടിത്തെറിക്കുകയായിരുന്നു. തീ ആളിപ്പടർന്നതോടെ ഹോട്ടലിലെ ജീവനക്കാർ ഇടപെട്ട് തീയണച്ചു. പഴയ ഫോൺ ആയതിനാൽ ബാറ്ററി പൊട്ടിത്തെറിച്ചതായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ടായിരുന്നു.