കൊച്ചി: എറണാകുളം കോതമംഗലത്തിന് സമീപം കുട്ടമ്പുഴയില്‍ യുവാവ് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച സംഭവത്തിൽ നാട്ടുകാരുടെ ആവശ്യങ്ങളിൽ ഉറപ്പ് നൽകി ജില്ലാ കളക്ടർ. ഇതോടെ എട്ടുമണിക്കൂറിലധികം നീണ്ട പ്രതിഷേധം നാട്ടുകാർ അവസാനിപ്പിച്ചു. ക്ണാച്ചേരി സ്വദേശി എല്‍ദോസ് ആണ് മരിച്ചത്.
തൃശൂരിൽ സെക്യൂരിറ്റി ഉദ്യോഗസ്ഥനായി ജോലി ചെയ്യുകയായിരുന്ന എൽദോസ് ഇന്നലെ രാത്രി എട്ടര മണിയോടെ ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. കെഎസ്ആർടിസി ബസിറങ്ങി വീട്ടിലേയ്ക്ക് നടക്കുകയായിരുന്നു യുവാവ്. വഴിവിളക്കുകൾ ഇല്ലാതിരുന്നതിനാൽ കൂരിരുട്ടിൽ കാട്ടാന നിൽക്കുന്നത് എൽദോസിന് കാണാൻ കഴിഞ്ഞില്ല. എൽദോസിനെ മരത്തിലടിച്ച് കൊലപ്പെടുത്തയതിനുശേഷം കാട്ടാന വഴിയിൽ എറിയുകയായിരുന്നു. യുവാവിന്റെ മൃതദേഹം റോഡരികില്‍ നിന്നാണ് ലഭിച്ചത്.സംഭവത്തെത്തുടർന്ന് നാട്ടുകാർ വലിയ രീതിയിൽ പ്രതിഷേധിച്ചതോടെ പ്രദേശത്ത് സംഘർഷാവസ്ഥയുണ്ടായി.
നഷ്ടപരിഹാരം അടക്കമുള്ള കാര്യങ്ങളിൽ കളക്ടർ എൻ എസ് കെ ഉമേഷ് ഉറപ്പ് നൽകിയതോടെയാണ് നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചത്. അടിയന്തര സഹായമായി എൽദോസിന്റെ കുടുംബത്തിന് പത്തുലക്ഷം രൂപയുടെ ചെക്ക് കളക്ടർ കൈമാറി.നാട്ടുകാരുടെ ആവശ്യപ്രകാരം ട്രഞ്ചുകളുടെ നിർമാണം ഇന്ന് തുടങ്ങും. പ്രദേശത്ത് വഴിവിളക്കും കെഎസ്ഇബി സ്ഥാപിച്ചുതുടങ്ങി. വർഷങ്ങളായി നാട്ടുകാർ വഴിവിളക്കുകൾ സ്ഥാപിക്കണമെന്ന ആവശ്യം ഉന്നയിക്കുകയായിരുന്നു. സോളാർ ഫെൻസിംഗ് ജോലികൾ 21ന് ആരംഭിക്കും. തൂക്ക് സോളാർ വേലി സ്ഥാപിക്കും.
ഉറപ്പുനൽകിയ കാര്യങ്ങൾ നടപ്പിലാക്കുന്നുണ്ടോ എന്നത് നേരിട്ടെത്തി പരിശോധിക്കും. ഇതിനുശേഷം 27ന് അവലോകന യോഗം ചേരുമെന്നും കളക്ടർ നാട്ടുകാരെ അറിയിച്ചു.എൽദോസിന്റെ മൃതദേഹം കോതമംഗലം ആശുപത്രിയിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിനുശേഷം കുടുംബത്തിന് വിട്ടുനൽകും. പ്രായമായ മാതാപിതാക്കളുടെ ഏക അത്താണിയാണ് കാട്ടാന ആക്രമണത്തിൽ നഷ്ടമായത്. അതേസമയം, കോതമംഗലത്ത് ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് സംഘടിപ്പിക്കുന്ന പ്രതിഷേധ റാലിയിൽ മാറ്റമുണ്ടാകില്ലെന്ന് നാട്ടുകാർ അറിയിച്ചു