വയനാട്: തുടർച്ചയായ വന്യജീവി ആക്രമണങ്ങളെ പ്രതിരോധിക്കാൻ സർക്കാർ വേണ്ട നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് വയനാട്ടിൽ നാളെയും ഹർത്താൽ. ഐക്യ ജനാധിപത്യമുന്നണി വയനാട് ജില്ലാ കമ്മിറ്റിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. ദിവസേന എന്നോണം ജില്ലയിൽ വന്യജീവി ആക്രമണത്തിൽ മനുഷ്യജീവനുകൾ നഷ്ടപ്പെട്ടിട്ടും യാതൊരു വിധ നടപടിയും സ്വീകരിക്കാത്ത സർക്കാർ നിലപാടിൽ പ്രതിഷേധിച്ചുകൊണ്ടാണ് ഹർത്താൽ നടത്തുന്നതെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ കെ കെ അഹമ്മദ് ഹാജിയും കൺവീനർ പി ടി ഗോപാലക്കുറുപ്പും അറിയിച്ചു.
അവശ്യ സർവീസുകളെയും പരീക്ഷ, വിവാഹം, പള്ളിക്കുന്ന് തിരുനാൾ എന്നീ ആവശ്യങ്ങൾക്കുള്ള യാത്രകളെയും ഹർത്താലിൽ നിന്ന് ഒഴിവാക്കിയതായി നേതാക്കൾ അറിയിച്ചു. സംസ്ഥാനത്ത് രണ്ട് ദിവസത്തിനിടെ നാല് പേർക്കാണ് കാട്ടാന ആക്രമണത്തിൽ ജീവൻ നഷ്ടമായത്. കഴിഞ്ഞ ദിവസം രാത്രി നടന്ന കാട്ടാന ആക്രമണത്തിൽ അട്ടമല സ്വദേശി ബാലകൃഷ്ണൻ അതിദാരുണമായി കൊല്ലപ്പെട്ടിരുന്നു. ഹാരിസൺ മലയാളം പ്ലാന്റേഷന്റെ തേയില എസ്റ്റേറ്റിനുള്ളിലെ വഴിയിലാണ് ബാലകൃഷ്ണന്റെ മൃതദേഹം കണ്ടത്.വന്യജീവി ആക്രമണത്തിൽ പ്രതിഷേധിച്ച് ഫാർമേഴ്സ് റിലീഫ് ഫോറവും തൃണമൂൽ കോൺഗ്രസും പ്രഖ്യാപിച്ച ഹർത്താൽ ഇപ്പോഴും വയനാട്ടിൽ തുടരുകയാണ്.
രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. പ്രധാനപ്പെട്ട രാഷ്ട്രീയ പാർട്ടികൾ ഒന്നും ഹർത്താലിനെ പിന്തുണച്ചിട്ടില്ല. ഹർത്താലുമായി സഹകരിക്കില്ല എന്നാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നിലപാട്.കാട്ടാനയുടെ ആക്രമണത്തിൽ മരണപ്പെട്ട കുടുംബത്തിന്റെ ദുഖത്തിൽ പങ്ക് ചേരുന്നുവെങ്കിലും,ബസ് നിർത്തിവെച്ചു കൊണ്ടുള്ള ഹർത്താലിൽ പങ്കെടുക്കില്ലെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി രജ്ഞിത്ത് രാം മുരളീധരൻ അറിയിച്ചിരുന്നു. നികുതി അടക്കേണ്ട ഈ സമയത്ത് ബസ് നിർത്തി വെച്ച് കൊണ്ടുള്ള സമരത്തിൽ പങ്കെടുക്കാൻ കഴിയില്ലെന്നായിരുന്നു സംഘടനയുടെ നിലപാട്.