ലൈംഗിക ആരോപണത്തെത്തുടര്‍ന്ന് ഗുസ്തി ഫെഡറേഷന്‍ അദ്ധ്യക്ഷന്‍ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിംഗിനെതിരെ ഇതുവരെ നടപടി ഉണ്ടാകാത്ത സാഹചര്യത്തില്‍ സമരം കടുപ്പിക്കാനുളള നീക്കവുമായി താരങ്ങള്‍ .ആരാധനാലയങ്ങളും ചരിത്ര സ്മാരകങ്ങളും കേന്ദ്രീകരിച്ചാകും വരുംദിവസങ്ങളിലെ സമരം. ഖാപ് പഞ്ചായത്ത് ചേര്‍ന്ന് ഭാവി സമരമുറ തീരുമാനിക്കാനാണ് ഗുസ്തി താരങ്ങളുടെ നീക്കം.ബ്രിജ്ഭൂഷണെ അറസ്റ്റ് ചെയ്യാന്‍ താരങ്ങള്‍ സര്‍ക്കാരിന് നല്‍കിയ സമയം ഇന്ന് അവസാനിക്കുകയാണ്.
ഇതുവരെ നടപടി ഉണ്ടാകാത്ത സാഹചര്യത്തില്‍ കൂടുതല്‍ മാദ്ധ്യമശ്രദ്ധ നേടുന്നതിനാണ് സമരം കടുപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് പ്ലക്കാര്‍ഡുകളുമായി ഇന്നലെ ഐ.പി.എല്‍ മത്സരം നടക്കുന്ന സ്റ്റേഡിയത്തിലേക്ക് ഗുസ്തി താരങ്ങള്‍ എത്തിയത്.ബ്രിജ്ഭൂഷണെ അറസ്റ്റുചെയ്തില്ലെങ്കില്‍ പ്രത്യഘാതം ഗുരുതരമായിരിക്കും.ഖാപ് പഞ്ചായത്തിന്റെ തീരുമാനം കടുത്തതായിരിക്കും. ഇത് ദേശവിരുദ്ധമെന്ന് പിന്നീട് മുദ്രകുത്തരുതെന്നും താരങ്ങള്‍ കേന്ദ്രത്തിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഡല്‍ഹിയുടെ അതിര്‍ത്തി വളയുന്നത് ഉള്‍പ്പെടെയുള്ള നീക്കങ്ങള്‍ സമര സമിതി ആലോചിക്കുന്നുണ്ട്. ജന്തര്‍ മന്ദറിന് പുറത്തേക്ക് സമരം വ്യാപിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുമുണ്ട്. അറസ്റ്റുണ്ടായില്ലെങ്കില്‍ ചൊവ്വാഴ്ച വൈകിട്ട് ഇന്ത്യാ ഗേറ്റിനു മുന്‍പില്‍ മെഴുകുതിരി കത്തിച്ച് പ്രതിഷേധിക്കുമെന്നും താരങ്ങള്‍
വ്യക്തമാക്കി.അതിനിടെ സമരം എത്രയും പെട്ടെന്ന് അവസാനിപ്പിക്കാന്‍ കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് നീക്കം ഉണ്ടായേക്കും എന്ന് റിപ്പോര്‍ട്ടുണ്ട്. സമരത്തിന് കര്‍ഷകരില്‍ നിന്നുള്‍പ്പടെ പിന്തുണ വര്‍ദ്ധിക്കുന്നതാണ് ഇത്തരമൊരു നീക്കത്തിന് കേന്ദ്രത്തെയും ബി ജെ പിയെയും പ്രേരിപ്പിക്കുന്നത്. സമരം എത്രയും പെട്ടെന്ന് അവസാനിപ്പിച്ചില്ലെങ്കില്‍ ഹരിയാനയില്‍ അടുത്ത് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ ഇത് ദോഷകരമായി ബാധിച്ചേക്കാം എന്നാണ് പാര്‍ട്ടിയുടെ ഭയം. കര്‍ണാടകയില്‍ അധികാരത്തില്‍ നിന്ന് പുറത്തായത് പാര്‍ട്ടിക്ക് കനത്ത
ക്ഷീണമുണ്ടാക്കിയിട്ടുണ്ട്.ഇനിയുമൊരു തിരിച്ചടി അവര്‍ക്ക് താങ്ങാനാവുന്നതിനും അപ്പുറമാണ്. അതേസമയം, ബ്രിജ്ഭൂഷണെ അറസ്റ്റുചെയ്താല്‍ യു പിയില്‍ രാഷ്ട്രീയ തിരിച്ചടി ഉണ്ടായേക്കും എന്നും പാര്‍ട്ടിക്ക് ഭയമുണ്ട്.