കെഎസ്ആർടിസി സ്റ്റോപ്പില്‍ നിര്‍ത്തിയില്ലെങ്കില്‍ കണ്ടക്ടര്‍ക്ക് 1000 രൂപ പിഴ; യാത്രക്കാരെ ഇറക്കാതെ പോയാലും പിഴ 500

തിരുവനന്തപുരം: ബസുകളില്‍ ആളെ കയറ്റാത്ത ഡ്രൈവര്‍മാര്‍ക്ക് എതിരെ നടപടിയുമായി കെഎസ്ആർടിസി. സ്റ്റോപ്പിൽ നിർത്തി ആളെക്കയറ്റിയില്ലെങ്കിൽ ഡ്രൈവർക്ക് 1000 രൂപ പിഴ ചുമത്തും. യാത്രക്കാർ ആവശ്യപ്പെട്ടിട്ട് സ്റ്റോപ്പിൽ ഇറക്കിയില്ലെങ്കിൽ 500 രൂപയാകും പിഴ. കുറ്റം ആവർത്തിച്ചാൽ ശിക്ഷ ഇരട്ടിക്കും. യാത്രക്കാരോട് മോശമായി പെരുമാറിയാൽ 500 രൂപ പിഴ നല്‍കണം. ആവർത്തിച്ചാൽ പിഴ ഇരട്ടിയാകും. ഡ്യൂട്ടിക്കിടയിൽ കണ്ടക്ടർ ഉറങ്ങിയാൽ 1000 രൂപയാണ് പിഴ.

അംഗീകൃത സ്റ്റോപ്പുകൾ ഒഴിവാക്കി മറ്റു റോഡുകളിലൂടെ യാത്ര തുടരുക, സർവീസ് റോഡുകൾ ഒഴിവാക്കി യാത്രചെയ്യുക തുടങ്ങിയ കുറ്റങ്ങൾക്കും 1000 രൂപ പിഴ ചുമത്തും. ഭയപ്പെടുത്തുന്ന വിധത്തിൽ അലക്ഷ്യമായി ബസ് ഓടിക്കുക, റിസർവേഷൻ ചെയ്ത യാത്രക്കാർക്ക് കൃത്യമായ വിവരം നൽകാതിരിക്കുക, തുടങ്ങിയ പരാതികള്‍ക്കും 500 രൂപ പിഴ ഈടാക്കും. തുടർന്നും പരാതിയുണ്ടായാൽ സ്ഥലമാറ്റവും സസ്പെൻഷനും ഉൾപ്പെടെയുള്ള കടുത്ത നടപടികളും എടുക്കും. ടിക്കറ്റ് നൽകിയല്ലെങ്കില്‍ 5000 രൂപവരെയാണ് പിഴ.

യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന ജീവനക്കാർക്കെതിരേയുള്ള പരാതികളിൽ ശിക്ഷ വേഗത്തിലാക്കാൻ യൂണിറ്റ് മേധാവികൾക്ക് അധികാരം നൽകിയാണ് പുതിയ ഉത്തരവ്. നിയമലംഘനങ്ങൾ യാത്രക്കാർക്ക് മൊബൈലിൽ ചിത്രീകരിച്ച് പരാതിക്കൊപ്പം സമർപ്പിക്കാം. ഇതിൽ കർശന നടപടിയുണ്ടാകും. നേരിട്ടും, ഇ-മെയിലിലും വാട്‌സാപ്പിലും കൺട്രോൾ റൂമിലെ ഫോൺ നമ്പറുകളിലും പരാതിപ്പെടാം. അന്വേഷണം വേഗത്തിലാക്കും. പരാതിക്കാരെ അന്വേഷണത്തിന്റെ പേരിൽ ബുദ്ധിമുട്ടിക്കാൻ പാടില്ലെന്ന് ഇൻസ്പെക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. എന്നാല്‍ ശമ്പളം പോലും കൃത്യമായി നല്‍കാതിരിക്കെയുള്ള ഇത്തരം നടപടികളില്‍ അമര്‍ഷം ശക്തമാണ്.

Leave a Reply

Your email address will not be published. Required fields are marked *