കണ്ണൂർ: സിപിഎം പാർട്ടി കോൺഗ്രസിനോടനുബന്ധിച്ച് കണ്ണൂരിൽ രണ്ടായിരത്തോളം പൊലീസിനെ വിന്യസിക്കും. സിപിഎം പാർട്ടി കോൺഗ്രസിന്റെ സുരക്ഷാ ചുമതലക്ക് മൂന്ന് എസ്പിമാരെ നിയോഗിക്കും. പാർട്ടി കോൺഗ്രസിനായി മൂന്നുമുതൽ സിപിഎമ്മിന്റെ ദേശീയ നേതാക്കൾ ഉൾപ്പെടെയുള്ളവർ കണ്ണൂരിൽ എത്തി തുടങ്ങും.
ഇവർ താമസിക്കുന്ന സ്ഥലങ്ങളിലും പ്രത്യേക സുരക്ഷയാണ് ഒരുക്കുന്നത്. ഗതാഗതം നിയന്ത്രിക്കുന്നതിനായി ഒരു എസ്പിയേയും സുരക്ഷാ ചുമതലക്ക് രണ്ട് എസ്പിമാരെയുമാണ് നിയമിക്കുന്നത്. ഇവരുടെ നേതൃത്വത്തിൽ 2001 പൊലീസുകാർ പാർട്ടി കോൺഗ്രസ് നടക്കുന്ന സ്ഥലങ്ങളിൽ നിലയുറപ്പിക്കും. കൂടാതെ, ആന്റി മാവോയിസ്റ്റ് സ്ക്വാഡിനെയും കെഎപി ബറ്റാലിയൻ പൊലീസ് സേനയേയും വിന്യസിക്കും.
ഫുഡ് ആൻഡ് സേഫ്റ്റി, പിഡബ്ല്യൂഡി തുടങ്ങിയവർക്കും പൊലീസ് പ്രത്യേക നിർദേശം കൊടുത്തിട്ടുണ്ട്. കെ- റെയിൽ പ്രതിഷേധം കത്തി നിൽക്കുന്ന സാഹചര്യത്തിൽ പ്രതിഷേധ പരിപാടികളുടെ സാധ്യത കണക്കിലെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന് കർശന സുരക്ഷയൊരുക്കുന്നുണ്ട്. ഏപ്രിൽ ആറുമുതൽ 10 വരെയാണ് പാർട്ടികോൺഗ്രസ് നടക്കുക.