സൂര്യാഘാതമേറ്റ് 90കാരി മരിച്ചു, വയോധികയെ കണ്ടെത്തിയത് കനാലിൽ നിന്ന്

പാലക്കാട്: കനാലിൽ വീണ നിലയിൽ കണ്ടെത്തിയ വയോധിക മരിച്ചത് സൂര്യാഘാതം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. എലപ്പുളളി സ്വദേശിയായ ലക്ഷ്‌മിയാണ്(90) മരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം ആലിയാർ കനാലിൽ വീണുകിടക്കുന്ന നിലയിലാണ് വയോധികയെ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

കഴിഞ്ഞ ദിവസം വൈകുന്നേരം വീട്ടിൽ നിന്നും നടക്കാനിറങ്ങിയതായിരുന്നു ലക്ഷ്‌മി. കുറേ നേരമായിട്ടും വീട്ടിലേക്ക് തിരിച്ചെത്തിയില്ല. തുടർന്ന് വീട്ടുകാരും നാട്ടുകാരും നടത്തിയ അന്വേഷണത്തിലാണ് കനാലിൽ വീണുകിടക്കുന്ന നിലയിൽ ഇവരെ കണ്ടെത്തിയത്. തലയ്ക്ക് പരിക്കേ​റ്റതായും ശരീരത്തിൽ പൊളളലേ​റ്റ നിലയിലുമായിരുന്നു.കണ്ണൂരിൽ സൂര്യാഘാതമേറ്റ് ചികിത്സയിലിരുന്ന മദ്ധ്യവയസ്കനും മരിച്ചു. മാഹിയിലെ പന്തക്കൽ സ്വദേശി ഉളുമ്പന്റവിട വിശ്വനാഥനാണ് (53) കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് മരിച്ചത്.അതേസമയം, സംസ്ഥാനത്ത് പാലക്കാടിന് പുറമേ കൊല്ലം, തൃശൂർ എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്നും നാളെയും കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ ഉഷ്ണതരംഗ സാഹചര്യം നിലനിൽക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റേയും, അടുത്ത ദിവസങ്ങളിലും പാലക്കാട് ജില്ലയിൽ 41 ഡിഗ്രി സെൽഷ്യസ് വരെയും, കൊല്ലം, തൃശൂർ ജില്ലകളിൽ 40 ഡിഗ്രി സെൽഷ്യസ് വരെയും, താപനില ഉയരുമെന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പ്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയ്ക്ക് സാദ്ധ്യതയുണ്ട്. സൂര്യാഘാതവും സൂര്യാതപവും ഏൽക്കാൻ സാദ്ധ്യത കൂടുതലാണ്.

Leave a Reply

Your email address will not be published. Required fields are marked *