വിഴിഞ്ഞം സമരത്തിലും ഗവര്‍ണറുടെ ഇടപെടല്‍; സമരസമിതി നേതാക്കളുമായി രാജ്ഭവനില്‍ കൂടിക്കാഴ്ച

തിരുവനന്തപുരം : സര്‍ക്കാരുമായി തുറന്ന പോരില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മത്സ്യത്തൊഴിലാളികള്‍ നടത്തി വരുന്ന വിഴിഞ്ഞം സമരത്തിലും ഇടപെടുന്നു. വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനെതിരെയുളള സമരക്കാരുടെ ആശങ്ക കേള്‍ക്കുന്നതിനായി സമര സമിതി നേതാക്കളെ അദ്ദേഹം രാജ്ഭവനിലേക്ക് വിളിപ്പിച്ചു. ലത്തീന്‍ അതിരൂപത വികാരി ഫ. യൂജിന്‍ പെരേരയടക്കം സമര സമിതി നേതാക്കള്‍ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി
സംസ്ഥാന സര്‍ക്കാറുമായി നേരിട്ട് ഏറ്റുമുട്ടല്‍ നടത്തുന്ന ഗവര്‍ണര്‍ തന്റെ പരിധിക്ക് പുറത്തുള്ള പല വിഷയങ്ങളിലും ഇടപെടുന്നതായ ആരോപണം ശക്തമാണ്. ഇതിനെ തുടര്‍ച്ചെയന്നോണമാണ് ഇപ്പോള്‍ വിഴിഞ്ഞം സമരക്കാരെ കാണുന്നത്. നേരത്തെ വിഴിഞ്ഞം സമരക്കാര്‍ സംസ്ഥാന സര്‍ക്കാറുമായി പല തവണ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തിവെക്കണമെന്ന ആവശ്യമൊഴിച്ച് സമരക്കാരുടെ മറ്റ് ആവശ്യങ്ങളെല്ലാം സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു.
വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന സമരം പരഹരിക്കുന്നതിന് കേന്ദ്രത്തിന്റെ ഇടപെടലിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഉറപ്പ് നല്‍കിയതായി സമര സമിതി. തങ്ങളുടെ പരാതികള്‍ ഗവര്‍ണര്‍ അനുഭാവ പൂര്‍വ്വം കേട്ടെന്ന് ലത്തീന്‍ അതിരൂപത പ്രതിനിധി ഫ. യൂജീന്‍ പെരേര പറഞ്ഞു. ഗവര്‍ണറുമായി സമര സമിതി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തങ്ങളുടെ പരാതികള്‍ എല്ലാം കേന്ദ്രത്തിന്റേ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ഗവര്‍ണര്‍ അറിയിച്ചു. വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുടെ ക്യാമ്പുകള്‍ സന്ദര്‍ശിക്കാമെന്ന് ഗവര്‍ണര്‍ അറിയിച്ചതായും അദ്ദേഹം പറഞ്ഞു.