കസ്റ്റഡിയിൽ ഭക്ഷണവും മരുന്നുമില്ലെന്ന് പരാതി; പിണറായിയുടെ സുരക്ഷ ഉറപ്പാക്കാൻ ഇടപെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ, ചീഫ് സെക്രട്ടറിക്ക് നിർദേശം

ഡൽഹിയിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കളെ കസ്റ്റഡിയിലെടുത്ത സംഭവത്തിലും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയിലും കടുത്ത ആശങ്ക രേഖപ്പെടുത്തി കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ. രാവിലെ 10:30-ഓടെ ഡൽഹിയിലെ കേരള ഹൗസിൽനിന്ന് പുറത്തേക്ക് വരുമ്പോഴാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, ജോൺ ബ്രിട്ടാസ് എം.പി, മുൻ മന്ത്രി കെ.എൻ. ബാലഗോപാൽ എന്നിവരെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത ശേഷം മൂന്നര മണിക്കൂറോളം ഇവരെ വാഹനത്തിൽ നഗരം ചുറ്റിക്കുകയും, തുടർന്ന് ഛത്രസാൽ സ്റ്റേഡിയത്തിൽ എത്തിച്ച ശേഷം മന്ദിർ മാർഗ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയുമായിരുന്നു.
കസ്റ്റഡിയിലുള്ള 81 വയസ്സുള്ള പിണറായി വിജയന് ആവശ്യമായ ഭക്ഷണവും കൃത്യസമയത്ത് കഴിക്കേണ്ട മരുന്നുകളും നൽകിയിട്ടില്ലെന്ന് ജോൺ ബ്രിട്ടാസ് വെളിപ്പെടുത്തിയതിനെ തുടർന്നാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ വിഷയത്തിൽ അടിയന്തരമായി ഇടപെട്ടത്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് അടിയന്തര അന്വേഷണം നടത്താനും ആവശ്യമായ നടപടികൾ സ്വീകരിക്കാനും മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് കർശന നിർദ്ദേശം നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ഡൽഹിയിലെ കേരള ഹൗസ് റസിഡന്റ് കമ്മീഷണറുമായും മറ്റ് ഉദ്യോഗസ്ഥരുമായും ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി വിവരങ്ങൾ ശേഖരിച്ചു വരികയാണ്.
മുതിർന്ന നേതാവായ പിണറായി വിജയന് കസ്റ്റഡിയിൽ ആവശ്യമായ ചികിത്സാ പരിചരണവും ഭക്ഷണവും മരുന്നും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ റസിഡന്റ് കമ്മീഷണർക്ക് നിർദ്ദേശം നൽകാൻ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നും നിയമപരമായ ഇടപെടലുകൾ നടത്തേണ്ടതുണ്ടോ എന്നും, കേന്ദ്ര സർക്കാരുമായി ബന്ധപ്പെടേണ്ടതുണ്ടോ എന്നും പരിശോധിക്കാൻ നിർദ്ദേശമുണ്ട്. രാഹുൽ ഗാന്ധിയെപ്പോലുള്ള നേതാക്കളെ കസ്റ്റഡിയിലെടുത്ത് കുറഞ്ഞ സമയത്തിനുള്ളിൽ വിട്ടയച്ചപ്പോൾ, വയോധികനായ മുതിർന്ന നേതാവിനെയും സഹപ്രവർത്തകരെയും മണിക്കൂറുകളോളം തടഞ്ഞുവെച്ച പോലീസ് നടപടിയെ സർക്കാർ തികഞ്ഞ ഗൗരവത്തോടെയാണ് കാണുന്നത്. അതേസമയം, മേലുദ്യോഗസ്ഥർ സ്ഥലത്തില്ലാത്തതിനാലാണ് നടപടികൾ വൈകുന്നതെന്നാണ് പോലീസ് ഉദ്യോഗസ്ഥരുടെ വിശദീകരണം.