പൂച്ച കടിയേറ്റ് ചികിത്സ തേടാനെത്തി; ആശുപത്രിയില്‍ വെച്ച് പട്ടി കടിച്ചു

തിരുവനന്തപുരം: പൂച്ചയുടെ കടിയേറ്റ് വാക്സിനെടുക്കാനെത്തിയ യുവതിക്ക് ആശുപത്രിയില്‍ വെച്ച് പട്ടി കടിയേറ്റു. വിഴിഞ്ഞം സ്വദേശിനിയായ അപര്‍ണയ്ക്കാണ് വിഴിഞ്ഞം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ വെച്ച് നായയുടെ കടിയേറ്റത്. അപര്‍ണയുടെ കാലില്‍ ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. തുടർന്ന് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.
ആശുപത്രിയുടെ ഐപി ബ്ലോക്കില്‍ നില്‍ക്കുമ്പോഴാണ് നായയുടെ ആക്രമണം. പൂച്ച കടിച്ചതിന് രണ്ടാം ഡോസ് കുത്തിവയ്പ്പെടുക്കാന്‍ എത്തിയതായിരുന്നു യുവതി. കുത്തിവയ്പ്പെടുക്കാന്‍ വന്നതാണെന്ന് പറഞ്ഞപ്പോള്‍ നഴ്സ് കസേരയില്‍ ഇരിക്കാന്‍ പറഞ്ഞു. ആ സമയത്ത് ഡോക്ടറും, അറ്റന്‍ഡറും അവിടെ ഉണ്ടായിരുന്നു. കസേരയില്‍ ഇരുന്നപ്പോള്‍ അടിയില്‍ കിടന്നിരുന്ന നായ കടിക്കുകയായിരുന്നു.
നായ ആശുപത്രിയിലെ സ്ഥിരം സാന്നിധ്യമാണെന്നും ആരെയും ഉപദ്രവിച്ചിട്ടില്ലെന്നുമാണ് ഇവിടെയുള്ളവർ പറയുന്നത്. എന്നാല്‍ നായയ്ക്ക് പേവിഷത്തിനെതിരായ വാക്സിനെടുത്തിരുന്നില്ല. അലഞ്ഞുതിരിയുന്ന നായ ആയതിനാല്‍ കടിയേറ്റ യുവതി നിരീക്ഷണത്തിലാണ്.