‘കോടിയേരിയുടെ വിയോഗമറിഞ്ഞപ്പോള്‍ പിതാവിന്റെ കണ്ണ് നിറഞ്ഞു’; വി എസിന്റെ മകന്‍ അരുണ്‍ കുമാര്‍

കോടിയേരി ബാലകൃഷ്ണന്‍ വിട പറഞ്ഞുവെന്ന വാര്‍ത്ത അറിയിച്ചതോടെ പിതാവിന്റെ കണ്ണുകള്‍ നിറഞ്ഞതായി വി എസിന്റെ മകന്‍ അരുണ്‍ കുമാര്‍. അനുശോചനം അറിയിക്കണമെന്ന് വി എസ് പറഞ്ഞതായും അരുണ്‍ പറഞ്ഞു. പിതാവിന്റെ അനുശോചനം കോടിയേരിയുടെ കുടുംബാംഗങ്ങളെ അറിയിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാനില്ലല്ലോ എന്ന വേദന മനസ്സില്‍ കനംതൂക്കുന്നു. പിതാവിനോട് ഏറ്റവും ആദരവും സ്‌നേഹവും പുലര്‍ത്തിയ നേതാവായിരുന്നു കോടിയേരി ബാലകൃഷ്ണനെന്നും അരുണ്‍ കുമാര്‍ ഫേസ് ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

അരുണ്‍ കുമാറിന്റെ വാക്കുകള്‍
ഞെട്ടലും വേദനയും ഉളവാക്കുന്ന ആ വാര്‍ത്ത ശ്രവിച്ചുകഴിഞ്ഞു. സ. കോടിയേരി നമ്മെ വിട്ടുപോയിരിക്കുന്നു. ആദ്യം ചെയ്തത് അച്ഛനോട് വിവരം പറയുകയാണ്. ഒരു നിമിഷം നിശബ്ദനായിരുന്ന അച്ഛന്റെ കണ്ണുകളില്‍ ഒരു നനവ് എനിക്ക് വ്യക്തമായി കാണാനായി. ‘അനുശോചനം അറിയിക്കണം’ എന്നു മാത്രം പറയുകയും ചെയ്തു.

അച്ഛന്റെ അനുശോചനം യശഃശരീരനായ കോടിയേരിയുടെ കുടുംബാംഗങ്ങളെ അറിയിക്കുകയല്ലാതെ മറ്റൊന്നും ഇത്തരുണത്തില്‍ ചെയ്യാനില്ലല്ലോ എന്ന വേദന മനസ്സില്‍ കനംതൂക്കുന്നു. അച്ഛനോട് ഏറ്റവും ആദരവും സ്നേഹവും പുലര്‍ത്തിയ നേതാവായിരുന്നു, സ. കോടിയേരി ബാലകൃഷ്ണന്‍. പ്രതിപക്ഷ നേതാവായിരുന്ന കാലത്തും മുഖ്യമന്ത്രിയായിരുന്ന കാലത്തും അച്ഛനുമായി സൂക്ഷ്മമായ ഹൃദയബന്ധം പുലര്‍ത്തിയിരുന്ന മഹാനായ കമ്യൂണിസ്റ്റ് നേതാവിന്റെ വിയോഗത്തില്‍ എന്റെ അനുശോചനംകൂടി അറിയിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *