വന്യജീവി സംരക്ഷണം പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്ക് അനിവാര്യം: മന്ത്രി എ കെ ശശീന്ദ്രൻ

എല്ലാ സസ്യജാലങ്ങളും ജന്തുജാലങ്ങളും സംരക്ഷിക്കപ്പെടണമെന്നും അവയെ കാത്ത് സൂക്ഷിക്കപ്പെടണമെന്നും ഉള്ള അവബോധം സമൂഹത്തിന് നൽകുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച വനം വന്യ ജീവി വാരാഘോഷത്തിന് സമാപനമായി. കുമളി ഹോളിഡേ ഹോം ഓഡിറ്റോറിയത്തിൽ നടന്ന വനം വന്യജീവി വാരാഘോഷം, സംസ്ഥാന തല സമാപനം വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
വന്യജീവികളുടെയും വനത്തിൻറെയും സംരക്ഷണം ഉറപ്പാക്കി മാത്രമേ പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിർത്താനാവു എന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. ഇതിന് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകിക്കൊണ്ടുള്ള നിലപാടുകളാണ് സ്വീകരിക്കുന്നത്. രാജ്യത്തെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് വന സംരക്ഷണത്തിൽ കേരളം ഏറെ മുന്നിലാണെന്നും മന്ത്രി പറഞ്ഞു. വന്യമൃഗങ്ങളുടെ ശല്യം മൂലം പ്രയാസം അനുഭവിക്കുന്ന ഒരു ജനസമൂഹത്തിന് മുന്നിലാണ് നിൽക്കുന്നതെന്ന് ഉത്തമബോധ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വനം വകുപ്പ് ഉദ്യോഗസ്ഥർ ഏൽപ്പിക്കുന്ന ചുമതല കൃത്യമായി നിർവഹിക്കുന്നുണ്ടെന്നും അതേസമയം മനുഷ്യരാശിയെ സംരക്ഷിക്കാനും സഹായിക്കാനും അവർക്ക് കടമയുണ്ട്. അത് മറക്കരുതെന്ന് അദ്ദേഹം ഓർമിപ്പിച്ചു. സഹവർത്തിത്തോടെ പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വാഴൂർ സോമൻ എംഎൽഎ യോഗത്തിൽ അധ്യക്ഷത വഹിച്ചു. വന്യമൃഗങ്ങളുടെ ശല്യം മൂലം ജനങ്ങൾ പൊറുതിമുട്ടുകയാണ്. പരിക്ക് പറ്റുന്ന മൃഗങ്ങളെ സംരക്ഷിക്കാൻ നടപടി സ്വീകരിക്കണം. അല്ലാതെ ജനങ്ങളെ ഭീതിയിലാക്കി ജനവാസ മേഖലയോട് ചേർന്നുള്ള വന പ്രേദേശങ്ങളിൽ തുറന്നുവിടാൻ പാടില്ലെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം മൂന്നാറിൽ നിന്നും പിടികൂടിയ പുലിയെ പെരിയാർ ടൈഗർ റിസർവിൽ തുറന്നുവിട്ട സാഹചര്യത്തെ മുൻനിർത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. വന്യമൃഗശല്യം മൂലം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ജനങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ എംഎൽഎ ചൂണ്ടികാട്ടി. ഇവിടുത്തെ കർഷകർ കയ്യേറ്റക്കാരല്ല കുടിയേറ്റക്കാരാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ഇത് ഉദ്യോഗസ്ഥർ മറക്കരുതെന്നും കയ്യേറ്റക്കാരോടുള്ള മനോഭാവം കർഷകരോട് കാണിക്കരുതെന്നും അദ്ദേഹം പറഞ്ഞു. അർഹതപ്പെട്ടവർക്ക് ഭൂമി ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വനം വന്യജീവി പരിസ്ഥിതി മാസിക അരണ്യത്തിന്റെ പ്രകാശനവും കേരള വനം വന്യജീവി വകുപ്പും മലബാർ ബോട്ടാണിക്കൽ ഗാർഡൻ & ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്ലാന്റേഷൻ കോഴിക്കോടും ചേർന്ന് സംയുക്തമായി തയ്യാറാക്കിയ ” ബാൾസംസ് ഓഫ് മൂന്നാർ ഹിൽസ് ” എന്ന പുസ്തകത്തിന്റെ പ്രകാശനവും മന്ത്രി എ കെ ശശീന്ദ്രൻ വാഴൂർ സോമൻ എംഎൽഎയ്ക്ക് കൈമാറി നിർവഹിച്ചു.
ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഗംഗാസിങ് ഐ എഫ് എസ് സമാപന സമ്മേളനത്തിൽ സ്വാഗതം ആശംസിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ്, അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എം നൗഷാദ്, കുമളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജിമോൻ, ജില്ലാ കളക്ടർ ഷീബ ജോർജ്, പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് നോയൽ തോമസ് ഐ എഫ് എസ്, പെരിയാർ ടൈഗർ റിസർവ്വ് ഫീൽഡ് ഡയറക്ടർ പ്രമോദ് പി പി ഐ എഫ് എസ്, ജില്ലാ – ബ്ലോക്ക് – ഗ്രാമ പഞ്ചായത്ത് പ്രതിനിധികൾ, ഉദ്യോഗസ്ഥ പ്രതിനിധികൾ കമ്മറ്റി ഭാരവാഹികൾ, ഇ ഡി സി പ്രതിനിധികൾ, രാഷ്ട്രീയ സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖര് തുടങ്ങിയവർ പങ്കെടുത്തു.