വ്യാപാര മേഖലയ്ക്ക് പൊതുസമൂഹത്തിന്റെ പിന്തുണ അനിവാര്യം: മന്ത്രി കെ. എൻ. ബാലഗോപാൽ

സംസ്ഥാനത്തെ വ്യാപാര വാണിജ്യ മേഖലയ്ക്ക് പൊതുസമൂഹത്തിന്റെ കൈത്താങ്ങ് ആവശ്യമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ ബാലഗോപാൽ.ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എംപ്ലോയീസ് വെൽഫെയർ സംഘത്തിന്റെ നവീകരിച്ച ഹെഡ് ഓഫീസ് ഉദ്ഘാടനം കച്ചേരി കഴ്സൺ നഗറിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
അന്താരാഷ്ട്ര ഓൺലൈൻ വ്യാപാര ശൃംഖലകൾ ചെറുകിട കച്ചവടക്കാർക്ക് ഭീഷണിയാണ്. ആളുകൾ കൂടുതലായി കടകളിലേക്ക് എത്തുന്ന സാഹചര്യം ഉണ്ടാകണം.സംസ്ഥാന സർക്കാരിന്റെ ലക്കി ബിൽ ആപ്പിന് കൂടുതൽ പ്രചാരം ആവശ്യമുണ്ട്. ചെറുകിട വ്യാപാരികളുടെ ക്ഷേമനിധി പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണം. കേരളത്തിൽ സഹകരണ മേഖല ശക്തമായ നിലയിലാണ് പ്രവർത്തിച്ചു വരുന്നത്. മന്ത്രി പറഞ്ഞു. ജില്ല ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എംപ്ലോയീസ് വെൽഫെയർ സംഘത്തിന്റെ പ്രസിഡന്റ് അഡ്വ. പി. സജി അധ്യക്ഷനായി.
ചടങ്ങിൽ സ്വർണ്ണ പണയം/ ലോക്കർ ഉദ്ഘാടനം, വിവിധ മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടിയ സംഘാംഗങ്ങളുടെ മക്കളെ ആദരിക്കൽ, വിവിധ വായ്പ പദ്ധതികളുടെ ഉദ്ഘാടനം തുടങ്ങിയവയും മന്ത്രി നിർവഹിച്ചു.
എം. നൗഷാദ് എം. എൽ. എ, ഡയറക്ടർ ബോർഡ് അംഗം ജി.ആനന്ദൻ,കേരള ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എംപ്ലോയീസ് വെൽഫെയർ ഫണ്ട് ബോർഡ് ചെയർമാൻ കെ. രാജഗോപാൽ, കശുവണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ, ജോയിന്റ് രജിസ്ട്രാർ എം. അബ്ദുൽ ഹലിം, വ്യാപാരി വ്യവസായി പ്രതിനിധികൾ, രാഷ്ട്രീയകക്ഷി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.