ഡോക്ടര്‍ മംഗളം സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ സര്‍വ്വമംഗളം പദ്ധതി ഉദ്ഘാടനം ഒക്ടോബര്‍ 12ന്

ദില്ലി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഡോക്ടർ മംഗളം സ്വാമിനാഥൻ ഫൗണ്ടേഷന്റെ സർവ്വമംഗളം പദ്ധതിയുടെ ഉത്ഘാടനം ഒക്ടോബർ 12 ന് തിരുവനന്തപുരത്ത് നടക്കും.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉത്ഘാടനം ചെയ്യും. അക്രമരാഷ്ട്രീയത്തിൽ കൊല്ലപ്പെട്ടവരുടെ ആശ്രിതർക്കും അംഗഹീനരായവർക്കും പ്രതിമാസം രണ്ടായിരം രൂപവീതം പെൻഷൻ നൽകുന്ന പദ്ധതിയാണ് സർവ്വമംഗളം പദ്ധതിയിലൂടെ ഡോക്ടർ മംഗളം സ്വാമിനാഥൻ ഫൗണ്ടേഷൻ നടപ്പിലാക്കുന്നത്. സംസ്ഥാനത്തെ ആദ്യ രാഷ്ട്രീയക്കൊലപാതകമായ തലശ്ശേരി വാടിക്കൽ രാമകൃഷ്ണന്റെ ഭാര്യ മുതൽ സമീപരാഷ്ട്രീയ ക്കൊലപാതകങ്ങളിൽപ്പെട്ടവരുടെ ആശ്രിതർവരെ പെൻഷൻ പദ്ധതിയുടെ പരിധിയിൽ ഉൾപ്പെടുന്നുണ്ട്.
അടിയന്തരാവസ്ഥക്കാലത്തെ പോലീസ് മർദ്ദനത്തിൽ രോഗഗ്രസ്തരായി അവശതയനുഭവിക്കുന്നവരേയും സർവ്വമംഗളം പെൻഷൻ സ്കീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പെൻഷൻ പദ്ധതിയുടെ ആദ്യഘട്ടത്തിൽ 51പേർക്കാണ് പെൻഷൻ നൽകുന്നത്.
മത- സമുദായ-രാഷ്ട്രീയ ഭേദമന്യേ എല്ലാവർക്കും അപേക്ഷിക്കാവുന്ന പെൻഷൻ പദ്ധതിയിലേക്ക്കേരളത്തിൻറെ എല്ലാ ജില്ലകളിൽ നിന്നുമായി ആയിരത്തോളം അപേക്ഷകൾ ലഭിച്ചതിൽ ഏറ്റവും അർഹരായവരെയാണ് പെൻഷൻ പദ്ധതിയുടെ ആദ്യഘട്ടം തെരഞ്ഞെടുത്തീട്ടുള്ളതെന്ന് ഡോക്ടർ മംഗളം സ്വാമിനാഥൻ ഫൗണ്ടേഷൻ ചെയർമാനും മാനേജിങ് ട്രസ്റ്റിയുമായ ഡോ ആർ. ബാലശങ്കർ പറഞ്ഞു.
സംസ്ഥാനത്ത് തുടർന്നു വരുന്ന അക്രമരാഷ്ട്രീയത്തിനെതിരെ കേരളീയമനസ്സിനെ ഉണർത്തുകയെന്ന സാമൂഹിക ദൗത്യമാണ് ഡോക്ടർ മംഗളം സ്വാമിനാഥൻ ഫൗണ്ടേഷൻ ഏറ്റെടുത്തീട്ടുള്ളത്. അതിൻ്റെ ഭാഗമായിട്ടാണ് കൊലപാതകരാഷ്ട്രീയത്തിൽ ജീവൻനഷ്ടമായവരുടെ ആശ്രിതർക്ക് ആശ്വാസമായി സർവ്വമംഗളം പദ്ധതിയിലൂടെ അവരെ ചേർത്തുപിടിക്കുന്നത് .
ചടങ്ങിൽ പങ്കെടുക്കാൻ ഡോക്ടർ മുരളീമനോഹർ ജോഷി ഉൾപ്പെടുന്ന ദേശീയ നേതാക്കൾ എത്തുന്നുണ്ട്.തിരുവനന്തപുരം കവടിയാർ ഗോൾഫ് ലിങ്ക്സ് റോഡിലുള്ള ഉദയപാലസ് കൺവൻഷൻ സെൻ്ററിൽ ഒക്ടോബർ 12ന് വൈകീട്ട് 3.30ന് നടക്കുന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉത്ഘാടനകർമം നിർവ്വഹിക്കും
ഡോക്ടർ ആർ.ബാലശങ്കർ ആമുഖപ്രസംഗം നടത്തും.മുൻകേന്ദ്രമന്ത്രിയും മംഗളംസ്വാമിനാഥൻ ഫൗണ്ടേഷൻ മുഖ്യ രക്ഷാധികാരിയുമായ ഡോക്ടർ മുരളീമനോഹർ ജോഷി ആശിർവദിക്കും.
ഓർത്തഡോക്സ് സഭാപരമാദ്ധ്യക്ഷൻ ബസ്സേലിയോസ് മർത്തോമാമാത്യൂസ് തൃതീയൻ, എസ്. എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, ഇസ്ലാമിക പണ്ഡിതൻ സി.എച്ച്. മുസ്തഫമൗലവി, മാധ്യമപ്രവർത്തകൻ ഷാജൻസ്ക്കറിയ, പ്രശസ്ത പിന്നണിഗായകൻ ജി. വേണുഗോപാൽ,
ഭാരത് വികാസ്പരിഷത്ത് ഓർഗനൈസിംഗ് സെക്രട്ടറി സുരേഷ് ജയിൻ, പ്രമുഖ ബിസിനസ് ഗ്രൂപ്പ് മേധാവിയും മുൻ എംപിയുമായ രവീന്ദ്ര കിഷോർസിൻഹ, EKATM മാനവ്ദർശൻ അനുസന്ധാൻ ആൻഡ് വികാസ് പ്രതിഷ്ഠാൻ ഡയറക്ടറും മുൻ. എം.പിയുമായ മഹേഷ് ചന്ദ്രശർമ്മ, ദില്ലി ദിവ്യാംഗകമ്മീഷണർ രൻജൻമുഖർജി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
യു.ഡി.എസ്. ഹോട്ടൽ ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ചെങ്കൽ എസ്. രാജശേഖരൻ നായർ അദ്ധ്യക്ഷത വഹിക്കും.