തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാരിന്റെയും ധനമന്ത്രിയായിരുന്ന ടി.എം. തോമസ് ഐസക്കിന്റെയും പിടിപ്പുകേടുകൊണ്ട് കേരളത്തിന് നഷ്ടപ്പെട്ട കോടികളുടെ കണക്ക് പുറത്തുവിട്ട് എക്സ്പെൻഡിച്ചർ റിവ്യു കമ്മിറ്റി റിപ്പോർട്ട്.
ജി.എസ്.ടി നടപ്പിലായതുമുതല്‍ ഘടനാപരമായ മാറ്റങ്ങള്‍ വരുത്താൻ സംസ്ഥാന സർക്കാർ തയ്യാറാകാതിരുന്നതോടെയാണ് സംസ്ഥാനത്തിന് ഭീമമായ നഷ്ടം സംഭവിച്ചത്. 25000 കോടിയുടെ നഷ്ടം നികത്താൻ പൊതുജനങ്ങളില്‍ നിന്ന് പിഴിയുക എന്ന തന്ത്രമാണ് രണ്ടാം പിണറായി സർക്കാർ പുറത്തെടുത്തത്. കഴിഞ്ഞ വർഷം തന്നെ റിപ്പോർട്ടിലെ കണ്ടെത്തലുകളെക്കുറിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞിരുന്നെങ്കിലും ഇങ്ങനൊരു റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്നായിരുന്നു ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ നിലപാട്. എന്നാല്‍ ഈ റിപ്പോർട്ട് ഇന്ന് നിയമസഭയില്‍ വെച്ചതോടെ ബാലഗോപാലിന്റെ വാദങ്ങള്‍ പൊളിയുകയായിരുന്നു.
2017 ജൂലൈ ഒന്നുമുതൽ 2021 മാർച്ച് 31 വരെ സംയോജിത ചരക്ക് സേവന നികുതി – ഐ.ജി.എസ്.ടി (Integrated Goods and Services Tax) ഇനത്തിൽ ലഭിക്കേണ്ട 25,000 കോടി പിരിക്കുന്നതിൽ സംസ്ഥാനം പരാജയപ്പെട്ടു എന്നായിരുന്നു വി.ഡി. സതീശൻ്റെ വെളിപ്പെടുത്തല്‍.
ഐ.ജി.എസ്.ടി ഇനത്തിൽ 25000 കോടി നഷ്ടപ്പെട്ടെന്ന് നിയമസഭയിൽ ഇന്ന് വച്ച എക്സ്പെൻഡിച്ചർ റിവ്യു കമ്മറ്റി റിപ്പോർട്ട് പറയുന്നു. റിപ്പോർട്ടിൽ സർക്കാരിൻ്റെ വീഴ്ചകൾ കമ്മിറ്റിയുടെ ചെയർമാനായ ആർ. നാരായണ ചൂണ്ടി കാണിച്ചിരുന്നു. ഇതോടെ റിപ്പോർട്ട് ധനവകുപ്പ് പൂഴ്ത്തിവെച്ചു. ഇങ്ങനെ റിപ്പോർട്ട് പൂഴ്ത്തിയ വിവരം പ്രതിപക്ഷ നേതാവ് നിയമസഭയിൽ ഉന്നയിച്ചു.
തുടർന്ന് നിയമസഭ സമ്മേളനം അവസാനിക്കുന്ന ഇന്ന് റിപ്പോർട്ട് സമർപ്പിക്കുക ആയിരുന്നു. ആറാം എക്സ്പെൻഡിച്ചർ റിവ്യു കമ്മിറ്റിയുടെ ചെയർമാൻ ഡോ. ഡി. നാരായണ ആയിരുന്നു. ഡോ. എൻ. രാമലിംഗം, ഡോ. പി.എൽ ബീന, സിദ്ദിഖ് റാബിയത്ത് എന്നിവരായിരുന്നു അംഗങ്ങൾ.
തോമസ് ഐസക്ക് ധനകാര്യ മന്ത്രിയായ കാലയളവിലാണ് ഈ ഗുരുതര വീഴ്ച സംഭവിച്ചിരിക്കുന്നത്. പിന്നാലെ വന്ന ബാലഗോപാലും ഐസക്കിൻ്റെ പാതയിലാണ്. ഐ.ജി.എസ്.ടി ഇനത്തിൽ നഷ്ടപ്പെട്ട കോടികൾ ഇനിയും ഉയരുമെന്ന് വ്യക്തം.
സംസ്ഥാനത്തിനകത്ത് മൂല്യവർദ്ധനവ് സംബന്ധിച്ച ചില അനുമാനങ്ങളും വ്യാപാരികളുടെ റിട്ടേൺ ഫയലിംഗ് പെരുമാറ്റവും അടിസ്ഥാനമാക്കിയുള്ള കമ്മിറ്റി 1-7-2017 മുതൽ നാളിതുവരെയുള്ള IGST യുടെ മൊത്തം നഷ്ടം 20,000 മുതൽ 25,000 കോടി രൂപ വരെ വരുമെന്ന് കണക്കാക്കി. . 2022 ജൂൺ വരെ സംസ്ഥാനത്തിന് ലഭിച്ച GST നഷ്ടപരിഹാരം കണക്കാക്കിയാൽ അറ്റനഷ്ടം ഗണ്യമായി കുറയും. GST നഷ്ടപരിഹാരം നിർത്തലാക്കുന്നതോടെ, വരും വർഷങ്ങളിൽ നഷ്ടം കൂടുതലായിരിക്കും കാരണം, ജിഎസ്ടിയുടെ രൂപകല്പനയും നടപ്പാക്കലും അതിൻ്റെ ഗുണങ്ങളിൽ ഭൂരിഭാഗവും ഉപഭോഗത്തേക്കാൾ ഉയർന്ന ഉൽപ്പാദനം നടത്തുന്ന സംസ്ഥാനങ്ങൾക്ക് ലഭിക്കുന്ന തരത്തിലാണ്.
2023 ല്‍ തന്നെ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയ പ്രതിപക്ഷ നേതാവ് വി.ഡി, സതീശൻ, വാർത്ത റിപ്പോർട്ട് ചെയ്ത് മലയാള മനോരമ ദിനപത്രം ലേഖകൻ ഉല്ലാസ് ഇലങ്കത്തിനെയും അവഹേളിച്ച് സോഷ്യല്‍ മീഡിയ പ്രചാരണം നടത്തുകയായിരുന്നു ധനമന്ത്രിയുടെ കൂട്ടാളികള്‍ ചെയ്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഇക്കാര്യങ്ങള്‍ നിയമസഭയില്‍ തന്നെ വെച്ചതോടെ, മറുപടി പറയാൻ ധനമന്ത്രി പുതിയ ന്യായീകരണങ്ങള്‍ പുറത്തെടുക്കുന്നതായിരിക്കും മലയാളികള്‍ കാണാൻ പോകുന്നത്.